ക്രിമിനല്‍ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റില്‍
ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവും വട്ടു ഗുളികയുമായി പോലീസ് പിടിയിലായി. മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടില്‍ മില്‍ജോയെ ആണ് (26) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, എസ്ഐ കെ.എസ്. സുബിന്ത് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് മുരിയാടു സ്വദേശിയായ യുവാവിനെ സംഘം ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയാണ് മില്‍ജോ. മര്‍ദനത്തില്‍ പരാതിക്കാരനായ യുവാവിന്റെ മൂക്കിന്റെ എല്ല് പൊട്ടുകയും ചെവിയുടെ കര്‍ണപടം പൊട്ടുകയും ചെയ്തു. ഈ കേസില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. പട്ടിയെ അഴിച്ചുവിട്ട് അയല്‍വാസിയെ കടിപ്പിക്കാന്‍ ശ്രമിപ്പിക്കുകയും അടിച്ചു പരിക്കേല്‍പ്പിച്ച കേസിലും കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. നാട്ടില്‍ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായ പ്രതിക്കെതിരെ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ബുധനാഴ്ച വേഴക്കാട്ടുകരയില്‍ വച്ചാണ് ഇയാളെ പോലീസ് ബൈക്ക് സഹിതം പിടികൂടിയത്. ഇയാളില്‍ നിന്ന് കഞ്ചാവും വട്ടു ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. എസ്ഐമാരായ എം.എസ്. പ്രദീപ്, കെ.എം. നാസര്‍, സീനിയര്‍ സിപിഒ ടി.ആര്. ബാബു, എ.വി. മുരുകദാസ്, പി.ആര്. അനൂപ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.