കൂടല്‍മാണിക്യം ക്ഷേത്രത്തിനുപുറത്ത് സ്ഥിരം വേദി തെക്കേനടയിലെ കര്മവേദിക്കെട്ടിടം പൊളിക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്ത് നിര്‍മിക്കുന്ന സ്ഥിരംവേദിക്കായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള തെക്കേനടയിലെ കര്മവേദിക്കെട്ടിടം പൊളിച്ചുനീക്കുന്നു. കൈമള്‍മാരുടെ ഭരണകാലത്ത് സുപ്രണ്ടിന്റെ ബംഗ്ലാവായിരുന്ന കര്മവേദക്കെട്ടിടം ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. വടക്കോട്ട് ക്ഷേത്രത്തിനുനേരെ മുഖമാക്കി സ്റ്റേജ് നിര്‍മിക്കാനാണ് പദ്ധതി. വരുന്ന ഉത്സവത്തിനുമുമ്പായി സ്റ്റേജ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. അതിനുശേഷം ആയിരം പേര്‍ക്കിരിക്കാവുന്ന വലിയ ഹാളും പാര്‍ക്കിങ് സൗകര്യവുമൊരുക്കും. മതിലിനകത്ത് ഹിന്ദുക്കള്‍ക്കുമാത്രമേ പരിപാടികള്‍ അവതരിപ്പിക്കാനാകൂ. പുതിയ സ്റ്റേജ് വരുന്നതോടെ ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പരിപാടികള്‍ അവതരിപ്പിക്കാനാകും. വിശേഷനാളുകളില് മേളകള്‍, വിവാഹം എന്നിവയ്ക്കും ഇതുപയോഗപ്പെടുത്തി ദേവസ്വത്തിന് വഴിപാടിതരവരുമാനം വര്‍ധിപ്പിക്കുന്ന വിധത്തിലാണ് സ്റ്റേജും ഹാളും നിര്‍മിക്കുക. കൂടല്‍മാണിക്യത്തില്‍ ഇപ്പോള്‍ കല്ല്യാണമണ്ഡപമില്ല. കല്ല്യാണമണ്ഡപം പോലെ ഹാള്‍ നിര്‍മിച്ചാല്‍ ഭക്ഷണസൗകര്യങ്ങള്ക്ക് ഇപ്പോഴത്തെ തെക്കേ ഊട്ടുപുര ഉപയോഗപ്പെടുത്താം. ഘട്ടംഘട്ടമായി ഭക്തജനങ്ങളുടെയും ദേവസ്വത്തിന് ലഭിക്കുന്ന ചെറിയ ഫണ്ടുകളും ഉപയോഗപ്പെടുത്തിയാണ് സ്റ്റേജും കല്ല്യാണമണ്ഡപവും നിര്‍മിക്കുക.