സാമൂഹിക ജാഗ്രത ഇല്ലാത്ത വിദ്യാഭ്യാസം മലയാളി സമൂഹത്തിന് ദുരന്തത്തിലേക്കുള്ള വഴികാട്ടി സുനില്‍ പി. ഇളയിടം
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി ചുരുങ്ങിയതാണ് സ്ത്രീധനക്കൊലയും നരബലിയും ഉള്‍പ്പടെയുള്ള സാമൂഹിക ദുരന്തങ്ങളിലേക്ക് മലയാളി സമൂഹത്തെ നയിക്കുന്നത് എന്നും മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവര്‍ പോലും ജാതിബോധം ഉള്‍പ്പടെയുള്ള പിന്തിരിപ്പിന് ആശയങ്ങളുടെ വക്താക്കളായി മാറുന്നത് ജാഗ്രതയോടെ കൂട്ടായി ചെറുക്കണമെന്നും പ്രഫ. സുനില്‍ പി. ഇളയിടം പറഞ്ഞു. ബിരുദതലത്തിലുള്ള മലയാള സാഹിത്യ പഠനത്തിന്റെ ഭാഗമായ മികച്ച പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി അവാര്‍ഡ് നല്കിയ ശേഷം കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5001 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് മഹാരാജാസ് കോളജിലെ കെ.ജി. നിതിനും, 1000 രൂപയുടെ അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും ക്രൈസ്റ്റ് കോളജിലെ അഞ്ജലി സോമനും സമര്‍പ്പിച്ചു. ബൗദ്ധ പാരമ്പര്യവും മിഷണറിമാരുടെ ഇടപെടലുമാണ് വിദ്യാഭ്യാസം സാര്‍വത്രികമാക്കിയത്. അറിവിന്റെ ഉടമസ്ഥാവകാശം കയ്യാളിയിരുന്നവരെ മറികടക്കുന്നതിനും ജാതിവ്യവസ്ഥയുടെ കെട്ടുപൊട്ടിക്കുന്നതിനും ആധുനിക വിദ്യാഭ്യാസം നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ ഇതില്‍നിന്നുള്ള പിന്നോട്ടുപോക്കിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍, പൂര്‍വ വിദ്യാര്‍ഥിയും മാധ്യമ പ്രവര്‍ത്തകനുമായ ഷിബു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍, ഡോ. സി.വി. സുധീര്‍, പ്രഫ. സിന്റോ കോങ്കോത്ത്, ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, കെ.ജി. നിതിന്‍, ദേവറസ് എന്നിവര്‍ സംസരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാളവിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്റെ ബഹുമാനാര്‍ഥം പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രബന്ധങ്ങള്‍ ഇ ബുക്ക് ആയി പ്രസിദ്ധീകരിക്കുമെന്ന് പുരസ്കാരസമിതി അറിയിച്ചു.