സസ്പെന്ഷന് നോട്ടീസ് നല്‍കാതിരുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട: സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭ ജീവനക്കാരന് സസ്പെന്ഷന് നോട്ടീസ് നല്‍കാതിരുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. ക്രമക്കേട് കാണിച്ച ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യാന്‍ ഈ മാസം എട്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും സസ്പെന്ഷന് നോട്ടീസ് ജീവനക്കാരന് നേരിട്ട് എത്തിക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന നഗരസഭ അധികൃതരുടെ നടപടിയെ ചൊല്ലിയായിരുന്നു പ്രതിഷേധം. നിശ്ചിത അജണ്ടകള്‍ക്ക് മുമ്പായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.കെ.ആര്. വിജയയാണ് കൗണ്‍സിലില്‍ വിഷയം ഉന്നയിച്ചത്. ജീവനക്കാരന് സസ്പെന്ഷന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കൈപ്പറ്റിയില്ലെന്നും നോട്ടീസ് കൈപ്പറ്റാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. വിവിധ വിഷയങ്ങളില്‍ മിടുക്ക് കാണിക്കാറുള്ള സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിരിക്കുകയാണെന്ന് അഡ്വ.കെ.ആര്. വിജയ പറഞ്ഞു. വിഷയത്തില്‍ ദുര്‍വ്യാഖ്യാനം വേണ്ടെന്നും പല കൗണ്‍സിലുകളിലും തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും തനിക്ക് ഉത്തരവില്‍ ഒപ്പിടാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും നടപടി നഗരകാര്യ ഡയറക്ടര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. തര്‍ക്കത്തിനിടയില്‍ യോഗാധ്യക്ഷയായ താന്‍ പറഞ്ഞത് അനുസരിക്കാന്‍ കൗണ്‍സിലര്‍മാര്‍ തയാറാകമെന്നും കൗണ്‍സിലര്‍മാര്‍ മര്യാദ പാലിക്കണമെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. പെട്ടിക്കടക്കാരന്റെ വീട്ടില്‍ വരെ ചെന്ന് നോട്ടീസ് പതിക്കാന്‍ ശുഷ്കാന്തി കാണിക്കുന്ന നഗരസഭക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അജണ്ടകള്‍ക്ക് ശേഷം മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചു. ഇതോടെ നാറിയ ഭരണം തുലയട്ടെയെന്നും ചെയര്‍പേഴ്സണ്‍ രാജി വയ്ക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യ വിളികള്‍ തുടങ്ങി. ബഹളങ്ങള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചകള്‍ കൂടാതെ 19 അജണ്ടകളും മുക്കാല്‍ മണിക്കൂറിനുള്ളില്‍ യോഗം പാസാക്കി. കരുവന്നൂര്‍ ബാങ്കിന്റെ നിലപാട് മൂലം ഇരുപതോളം ഗുണഭോക്താക്കള്‍ ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്താകുന്ന സാഹചര്യമാണെന്നും പ്രശ്നം പരിഹരിക്കാന്‍ നിയമ സാധ്യത തേടണമെന്നും ബിജെപി അംഗം ടി.കെ. ഷാജു ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കണമെന്നും കോടികളുടെ ബാധ്യത ഏറ്റെടുത്തു ലൈഫ് പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ളി പറഞ്ഞു. എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടയില്‍ ചെയര്‍പേഴ്സണ്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ഭരണകക്ഷി അംഗങ്ങള്‍ക്ക് നല്കി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.