മാപ്രാണം ദേവാലയാങ്കണത്തില്‍ മെഗാ പുല്‍ക്കൂട് സാന്താ നാഷിത്ത 2കെ22
മാപ്രാണം: ചരിത്രപ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ ഉണ്ണീശോയുടെ തിരുപ്പിറവി അറിയിക്കുന്ന മെഗാ പുല്‍ക്കൂട് ഒരുങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ നിന്നും പള്ളിവരെ നീളുന്ന ഒരു കിലോമീറ്റര്‍ റോഡ് നക്ഷത്രങ്ങള്‍, വൈദ്യുതി ദീപങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ചും ഒപ്പം ഒന്നേമുക്കാല്‍ ഏക്കര്‍ ചുറ്റളവില്‍ പള്ളിയങ്കണത്തിലാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. കപ്പല്‍ മാതൃകയിലുള്ള പ്രവേശന കവാടം, ഓടുന്ന സാന്തോക്ലോസ്, ഉണ്ണിയേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ബത്ലഹേം നഗരിയില്‍ ഉണ്ണിയേശുവിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും ചലിക്കുന്ന രൂപങ്ങള്‍, ദീപങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട റീഫില്‍ ടവര്‍, ഏറുമാടം, തുരങ്കങ്ങള്‍, പുഴ, തോട്, മഞ്ഞുമല, മഞ്ഞു മനുഷ്യന്, മുതല, കടുവ, ആന, ഒട്ടകം മുതലായവ മെഗാ പുല്‍ക്കൂട് നഗരത്തില്‍ ഒരുക്കിയിരിക്കുന്നു. 30 മിനിറ്റോളം കാണികളെ ആസ്വദിപ്പിക്കുന്ന സാന്താ നാഷിത്ത 2കെ22 മെഗാ പുല്‍ക്കൂട് ന്യൂയര്‍ ദിനത്തില്‍ സമാപിക്കും. മുന്‍ വര്‍ഷങ്ങളില്‍ മാപ്രാണം പള്ളിയില്‍ നിര്‍മിച്ച പുല്ക്കൂടുകള് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ആശയ സമ്പുഷ്ടമായ അതിഗംഭീര പുല്ക്കൂടാണ് ഇത്തവണ നിര്‍മിച്ചിരിക്കുന്നത്.