ആള്‍ക്കൂട്ടത്തെക്കാള്‍ ആള്ക്കൂട്ടത്തിനിടയിലുളള ആശയത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്
ഇരിങ്ങാലക്കുട: ആള്‍ക്കൂട്ടത്തെക്കാള്‍ ആള്ക്കൂട്ടത്തിനിടയിലുളള ആശയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാര്‍ഷികയോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സിനിമയും സംഗീതവും സംസ്കാരവുമെല്ലാം ആഗോളവല്‍ക്കരണത്തിന് മെല്ലെ വിധേയമായി കൊണ്ടിരിക്കുന്ന കാലത്ത് നാടിനും സമൂഹത്തിനും ആവശ്യമായ ആശയങ്ങളുമായി പ്രതിരോധം തീര്‍ക്കുന്ന കലാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എറെ പ്രസക്തി ഉണ്ടെന്ന് ഡേവീസ് മാസ്റ്റര്‍ പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫിപ്രസ്കി സത്യജിത്ത്റേ മെമ്മോറിയല്‍ പുരസ്കാരം നേടിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പ്രഫ. ഐ. ഷണ്മുഖദാസിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി നവീന്‍ ഭഗീരഥന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.ജി. സച്ചിത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മനീഷ് അരീക്കാട്ട് സ്വാഗതവും ജോ. സെക്രട്ടറി ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ. ഭരതന് മാസ്റ്റര്‍ (രക്ഷാധികാരി), മനീഷ് വര്‍ഗീസ് (പ്രസിഡന്റ്), ടി.ജി. സിബിന് (വൈസ് പ്രസിഡന്റ്), നവീന്‍ ഭഗീരഥന് (സെക്രട്ടറി), ജോസ് മാമ്പിള്ളി (ജോയിന്റ് സെക്രട്ടറി), ടി.ജി. സച്ചിത്ത് (ട്രഷറര്‍) എന്നിവരെയും പത്തംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.