തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു
പേ വിഷബാധയുണ്ടെന്നു സംശയം,
തെരുവുനായ ചത്തു, പരിസരവാസികള്‍ ഭീതിയില്‍
ഇരിങ്ങാലക്കുട: കിഴുത്താണികാറളം റോഡില്‍ ചെമ്മണ്ട റോഡ് ജംഗ്ഷനില്‍ തെരുവുനായയുടെ ആക്രണം. റിട്ട:അധ്യാപികയും രണ്ട് കുട്ടികളും അടക്കം അഞ്ച് പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ റിട്ടയ്ട് അധ്യാപിക വെട്ടിയാട്ടില്‍ ശ്രീദേവി (66), വരന്തരപ്പിള്ളി വീട്ടില്‍ ബിനു (45), വീട്ടുജോലിക്കാരിയായ എടത്തിരിഞ്ഞി സ്വദേശിനി ഷൈലജ (55) കുട്ടികളായ പുല്ലത്തറ കരുവാന്‍ വീട്ടില്‍ രമേശിന്റെ മകള്‍ പാര്‍വതി (10), കിഴുത്താണി മുതിരപറമ്പില്‍ ബിജുവിന്റെ മകള്‍ ദേവിക (6) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ദേവിക വീടിന് മുന്പില് സൈക്കിള്‍ ചവിട്ടുമ്പോഴും, പാര്‍വതി ഉഞ്ഞാലില് ആടിക്കൊണ്ടിരിക്കുമ്പോഴുമാണ് നായയുടെ ആക്രമണം. മറ്റ് രണ്ട് പേര്‍ക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറളം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരെ വിവരം അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ തെരുവുനായ ചത്തു കിടക്കുന്നതു കണ്ടത്. പട്ടിക്കു പേ വിഷബാധയുണ്ടെന്നു സംശയമുണ്ട്. ഇതോടെ ജനങ്ങല്‍ പരിഭ്രാന്തിയിലാണ്.