ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാതിരുനാളിന് ഇന്ന് കൊടിയേറും.
തിരുനാള്‍ 7, 8, 9 തിയതികളില്‍
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാതിരുനാളിന് (പിണ്ടിപ്പെരുന്നാള്) ഇന്ന് കൊടിയേറും. 7, 8, 9 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്ന് രാവിലെ ആറിനുള്ള ദിവ്യബലിയെ തുടര്‍ന്ന് 6.45 ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് തിരുനാള്‍ കൊടികയറ്റം നിര്‍വഹിക്കും. വൈകീട്ട് 6.30 ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കും. തുടര്‍ന്ന് മതസൗഹാര്‍ദ്ദ കൂട്ടായ്മ. വെള്ളിയാഴ്ച രാത്രി ഏഴിന് തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 7.15 ന്റെയും, തിങ്കളാഴ്ച രാവിലെ ആറിന്റെയും, 7.15 ന്റെയും ദിവ്യബലികള്‍ക്കു ശേഷം യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. ശനിയാഴ്ച വൈകീട്ട് 5.30ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്. തിരുകര്‍മങ്ങള്‍ക്ക് മുന്‍ വികാരി ഫാ. ജോയ് കടമ്പാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം ഉണ്ടായിരിക്കും. തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. പയസ് ചെറപ്പണത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബിന്‍ തെക്കുംപുറം, ട്രസ്റ്റിമാരായ ഒ.എസ്. ടോമി ഊളക്കാടന്‍, ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവീസ് ഷാജു മുളരിക്കല്‍ ഓട്ടോക്കാരന്, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്സണ്‍ ബിജു അക്കരക്കാരന്‍, സിജു പൗലോസ് പുത്തന്‍വീട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ജോയിന്റ് കണ്‍വീനര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍ എന്നിവരും സന്നിഹിതരായിരുന്നു.