മുരിയാട് സിയോണ്‍ ട്രസ്റ്റ് പരിസരത്ത് സംഘര്‍ഷാവസ്ഥ; യുവാവിനെ മര്‍ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു
അക്രമം നടത്തിയത് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം, ജാഗ്രതയോടെ പോലീസ്
ഇരിങ്ങാലക്കുട: മുരിയാട് സിയോണ്‍ ട്രസ്റ്റ് പരിസരത്ത് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മുരിയാട് സ്വദേശി പരിപ്പില്‍ ഈറ്റത്തോട്ട് വീട്ടില്‍ വിപിന്‍ സണ്ണി (27) യെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും കാലിനും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സിയോണ്‍ ട്രസ്റ്റ് സ്ഥാപകനായ ജോസഫ് പൊന്നാറയുടെ സഹോദരിയുടെ മകനാണ് വിപിന്‍. കഴിഞ്ഞ കുറച്ചുനാള്‍ മുമ്പ് വിപിനും കുടുംബവും ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനുള്ള വൈരാഗ്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മര്‍ദനമേറ്റ് പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജിയുടെ ബന്ധുകൂടിയാണ് വിപിന്‍. ഷാജിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടയില്‍ അമ്പതോളം പേര് വിപിനെ തടത്തു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം മുദ്രാവാക്യം വിളികളുമായി സംഭവസ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാജിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യം നടപ്പിലാക്കുംവരെ സംഭവസ്ഥലത്തുനിന്നും പിന്മാറില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനിടയില്‍ വിപിനെ ക്രൂരമായി മര്‍ദിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. സമീപ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസ് സന്നാഹം എത്തിയതോടെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. ഡിവൈഎസ്പി ബാബു കെ. തോമസ്, ആളൂര്‍ സിഐ എം.ബി. സിബിന് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെയും കുടുംബത്തേയും കഴിഞ്ഞ ദിവസം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ സ്ത്രീകളായ 11 പേരെ ആളൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മുരിയാട് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമായി തുടരുകയാണ്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: മുരിയാട് സിയോണ്‍ ട്രസ്റ്റ് പരിസരത്തു നടക്കുന്ന സംഘര്‍ഷത്തിന്റെ ശാശ്വത പരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ യുടെ ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേഖലയില്‍ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള പോലീസിന്റെ നടപടികളുമായി ഇരുവിഭാഗങ്ങളും സഹകരിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി ആര്‍ഡിഒ എം. കെ. ഷാജി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് സരിത സുഭാഷ്, പഞ്ചായത്തംഗം കെ.യു. വിജയന്, തഹസില്‍ദാര്‍ കെ. ശാന്തകുമാരി, വില്ലേജ് ഓഫീസര്‍ എം.ജി. ജയശ്രീ, ആളൂര്‍ സിഐ സുബിന്, സിയോണ്‍ ട്രസ്റ്റ് പ്രതിനിധികളായ ഡയസ് അച്ചാണ്ടി, ആന്റോ വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.