ഡ്രോണ്‍ വള പ്രയോഗ പരീക്ഷണവുമായി പൊതുമ്പുചിറ പാടശേഖരം

മുരിയാട്: പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. പൊതുമ്പു ചിറയോട് ചേര്‍ന്ന് കിടക്കുന്ന 25 ഏക്കറോളം വരുന്ന നെല്‍ വയലിലാണ് കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വള മരുന്ന് പ്രയോഗം നടത്തിയത്. ഒരു ഏക്കറില്‍ വളപ്രയോഗം നടത്തുന്നതിന് കേവലം നാല് മിനിറ്റ് സമയം മാത്രമാണ് എടുത്തുളൂ എന്ന് കര്‍ഷകര്‍ പറഞ്ഞു. സമയ ലാഭം, കൃത്യനുപാതം, നെല്ലിന്റെ സംരക്ഷണം, വളത്തിന്റെ പ്രയോഗത്തിലെ കൃത്യതാ, കുറഞ്ഞ തോതില്‍ മരുന്നിന്റെ ഉപയോഗം എന്നിവ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധ്യമാകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗം സേവ്യര്‍ ആളൂര്‍ക്കാരന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ നിഖിത, സുനിത എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ഷക പ്രതിനിധി ചാര്‍ളി എം. ലാസറിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ വളപ്രയോഗം പഞ്ചായത്തില്‍ പ്രഥമമായി നടത്തിയത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ ഈ ഡ്രോണ്‍ വള മരുന്ന് പ്രയോഗം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.