ജനറല്‍ ആശുപത്രിയില്‍ 12 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളോടെ ആരോഗ്യമേഖല കേരളത്തിന്റെ അഭിമാനമായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കോവിഡ് കാലത്ത് അന്തര്‍ദേശീയ നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കാന്‍ കഴിഞ്ഞ് വലിയ നേട്ടമാണെന്നും ഒട്ടേറെ രോഗങ്ങളുടെ കാരണങ്ങള്‍ കണ്ട് പിടിക്കാന്‍ ഇത് വഴി സാധിച്ചതായും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഒപി ബ്ലോക്ക് ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനറല്‍ ആശുപത്രിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. 3.4 കോടി രൂപ ചിലവഴിച്ചുള്ള ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണം അടുത്ത മാസം പൂര്‍ത്തീകരിക്കും. 18 ലക്ഷം രൂപ ചിലവഴിച്ച് അള്‍ട്രാ സൗണ്ട് സ്കാനിംഗ് മെഷീന് സ്ഥാപിച്ച് കഴിഞ്ഞു. മണ്ഡലത്തില്‍ ആനന്ദപുരം സിഎച്ച്സി യില്‍ ഒരു കോടി രൂപയില്‍ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒരു കോടിയുടെ ഐസോലേഷന് ബ്ലോക്കിന്റെ നിര്‍മ്മാണം നടന്ന് വരികയാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ ഐപി ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാരായ ലളിത ബാലന്, വിജയലക്ഷ്മി വിനയചന്ദ്രന്, സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. ധനീഷ്, ലത സഹദേവന്, ഷീജ പവിത്രന്, സീമ പ്രേംരാജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, മെമ്പര്‍ ഷീല അജയഘോഷ്, നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി സ്വാഗതവും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോള്‍ നന്ദിയും പറഞ്ഞു. നബാര്‍ഡ് പദ്ധതി പ്രകാരം 12 കോടി രൂപയാണ് ജനറല്‍ ആശുപത്രിയില്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.