ലാഭകരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അന്തിച്ചന്തക്ക് മരണമണി
കച്ചവടക്കാരെ ഒഴുപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഇരിങ്ങാലക്കുട: നഗരസഭ അന്തിച്ചന്തയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ലാഭകരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ നഗരസഭ യോഗത്തില്‍ തീരുമാനം. മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലത്തില്‍ പോകുന്നില്ലെന്നും കൗണ്‍സില്‍ നിശ്ചയിച്ച നിരക്കില്‍ ഫീസ് പിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇത് സംബന്ധിച്ച് യോഗത്തിന് മുമ്പാകെ വന്ന അജണ്ടയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടുവട്ടം ലേലം നടത്തിയിട്ടും ആരും ലേലമെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ത അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ തീരുമാനിച്ചത്. ആല്‍ത്തറയ്ക്ക് തെക്കുഭാഗത്ത് 2006 സെപ്റ്റംബര്‍ ഒന്നിനാണ് നഗരസഭ അന്തിചന്ത തുറന്നത്. വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചന്ത ആരംഭിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. 24 സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഭൂരിഭാഗം മത്സ്യസ്റ്റാളുകളാണെങ്കിലും ചിക്കന്‍, പച്ചക്കറി സ്റ്റാളുകളും ഈ മാര്‍ക്കറ്റില്‍ ഉണ്ട്. ദിവസവും വൈകീട്ട് അഞ്ചുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്ന ചന്ത വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്രയമായിരുന്നു മാര്‍ക്കറ്റ്. നിരവധി ആളുകളാണ് വൈകുന്നേരങ്ങളില്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ലേലമെടുക്കാന്‍ ആളില്ലാത്തതിനാല്‍ നിലവില്‍ നഗരസഭ നേരിട്ടാണ് ചന്തയില്‍ ഫീസ് പിരിവ് നടത്തുന്നത്. ചന്തയിലെ കച്ചവടക്കാര്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്തിച്ചന്തയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരിയുടെ നിര്‍ദേശത്തോട് എല്‍ഡിഎഫ് അംഗങ്ങള്‍ യോജിക്കുകയായിരുന്നു. ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ആദ്യം ചര്‍ച്ച ചെയ്യ്തപ്പോള്‍ ബിജെപി പ്രതിനിധി സന്തോഷ് ബോബന് അന്തിചന്ത അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ചുവെങ്കിലും പിന്നീട് എതിര്‍പ്പുമായി രംഗത്തു വരികയായിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വേറെ ഫിഷ് മാര്‍ക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ അന്തിചന്ത പൂട്ടരുതെന്നാണ് ബിജെപിയുടെ നിര്‍ദേശം.