മത്സ്യ കൃഷിയുടെ മറവില്‍ അനധികൃത മണ്ണെടുപ്പ്, നിര്‍ത്തി വക്കുവാന് ഉത്തരവ്
ഇരിങ്ങാലക്കുട: പൊറത്തിശേരി കൃഷി ഓഫീസിനു സമീപത്തെ മണ്ണെടുപ്പ് നിര്‍ത്തിവക്കുവാന്‍ ജിയോളജി വകുപ്പിന്റെ ഉത്തരവ്. നഗരസഭയുടെ അറിവോ അനുമതിയോ ഇല്ലാതെയാണു മണ്ണെടുപ്പ് നടന്നതെന്നും സംഭവം അറിഞ്ഞ ഉടന്‍ പ്രാദേശിക നിരീക്ഷണ കമ്മിറ്റി (എല്‍എല്‍എംസി) ചേര്‍ന്ന് വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മത്സ്യം വളര്‍ത്തലിന്റെ മറവില്‍ മണ്ണുമാന്തിയും ലോറികളും ഉപയോഗിച്ചാണ് വന്‍തോതില്‍ മണ്ണെടുത്തിരുന്നതെന്നു നാട്ടുക്കാര് ആരോപിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ ഏക്കര്‍കണക്കിന് പാടശേഖരത്തില്‍ നിന്നും ഇഷ്ടിക നിര്‍മാണത്തിനായി സ്വകാര്യ വ്യക്തി അനധികൃത കളിമണ്‍ ഖനനം നടന്നിരുന്നു. ഇവിടെയാണ് കളിമണ്ഖനനത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വീണ്ടും നടന്നത്. മീന്‍ വളര്‍ത്തുന്നതിനു വേണ്ടിയല്ല മണ്ണെടുക്കുന്നതെന്നും ഇഷ്ടിക നിര്‍മാണത്തിനു വേണ്ടിയാണ് മണ്ണെടുക്കുന്നതെന്നുമാണ് നാട്ടുക്കാര് പറയുന്നത്. കളിമണ്‍ ഖനനം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാര് കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പിന്റെ നടപടി.