കുടിവെള്ള കണക്ഷന് വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി
ഇരിങ്ങാലക്കുട: പണമടയ്ക്കാത്തതിനെത്തുടര്‍ന്ന് കുടിവെള്ള കണക്ഷന് വിച്ഛേദിക്കാനെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥരെ സംഘംചേര്‍ന്ന് തടയുകയും ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പരാതി. ഇരിങ്ങാലക്കുട ജല അതോറിറ്റി പിഎച്ച് സെക്ഷനിലെ മീറ്റര്‍ ഇന്‍സ്പെക്ടര്‍ കെ.എം. സുബ്രഹ്മണ്യന്, മീറ്റര്‍ റീഡര്മാരായ കിനോഷ് കുമാര്‍, വത്സ, പ്ലംബര്‍ ബിജു റാഫേല്‍, വര്‍ക്കര്‍, ഡ്രൈവര്‍ എന്നിവരെയാണ് തടഞ്ഞത്. ഇവരുടെ ജീപ്പിന്റെ കാറ്റഴിച്ചുവിട്ടതായും ഇരിങ്ങാലക്കുട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബില്‍ കുടിശികവരുത്തിയ, കാട്ടൂര്‍ റോഡിലുള്ള ഒരു ഉപഭോക്താവിന്റെ വീട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസ്കണക്ഷന് നോട്ടീസ് നല്‍കുകയും ഫോണിലൂടെ പലതവണ അറിയിക്കുകയും ചെയ്തിട്ടും പണം അടയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം അവിടെ എത്തിയവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് എത്തിയാണ് താല്കാലിക പരിഹാരം ഉണ്ടാക്കിയത്. ഈ കണക്ഷനില്‍നിന്ന് അനധികൃതമായി വെള്ളം ഉപയോഗിച്ചുകൊണ്ടിരുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയവര്ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇരിങ്ങാലക്കുട പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.