തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവ്
ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ നഗരസഭ യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവ്. റിട്ട. ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മുമ്പാകെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയില്‍ താമസിക്കുന്ന ഭരതനുണ്ണിക്ക് 20200 രൂപയും കെ.കെ. ലിമക്ക് 417000 രൂപയും, കെ. ദാസന് 142000 രൂപയും നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തുക നല്കാന് പറ്റില്ലെന്നും, വിഷയത്തില്‍ നിയമോപദേശം തേടാമെന്നും ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ കേസ് നല്കണമെങ്കില് സുപ്രീം കോടതിയില്‍ പോകേണ്ടി വരുമെന്നും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി അലക്ഷ്യമാകരുതെന്നും നഗരസഭ സെക്രട്ടറി ചൂണ്ടിക്കാട്ടി. ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിന് കിഫ്ബി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിപിആര്‍ തയ്യാറാക്കിയ കണ്ണൂര്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഫാമിംഗ് ആന്‍ഡ് ഫുഡ് പ്രൊസസിംഗിന് 584808 രൂപ പ്ലാന്‍ ഗ്രാന്റില്‍ നിന്നും അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. സോണല്‍ ഓഫീസിലെ നികുതി പിരിവിനായി കൊരുമ്പിശ്ശേരി സ്വദേശിനിയെ താല്കാലിക അടിസ്ഥാനത്തില്‍ ബില്‍ കളക്ടറായി നിയമിക്കാമെന്ന ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനം പ്രതിപക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഉപേക്ഷിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പിന്‍വാതില്‍ നിയമനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷത്ത് നിന്ന് അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍, സന്തോഷ് ബോബന് എന്നിവര്‍ വ്യക്തമാക്കിയതോടെ നിയമന തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
മൊബൈല്‍ ടവറുകളുടെ നിര്‍മാണത്തില്‍ ആശങ്ക
നഗരസഭാ പരിധിയിലെ മൊബൈല്‍ ടവറുകളുടെ നിര്‍മാണത്തില്‍ കൗണ്‍സിലര്‍മാര്‍ ആശങ്ക അറിയിച്ചു. നഗരസഭാ പരിധിയില്‍ നടക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മാണത്തെ കുറിച്ച് വാര്‍ഡു കൗണ്‍സിലര്‍മാരെ പോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ലെന്ന് ബൈജു കുറ്റിക്കാടന്‍ കുറ്റപ്പെടുത്തി. തന്റെ വാര്‍ഡില്‍ ടവര്‍ നിര്‍മാണം ആരംഭിച്ച ശേഷമാണ് താന്‍ ഇക്കാര്യം അറിയുന്നത്. ഇതു മൂലം ജനരോഷം വാര്‍ഡു കൗണ്‍സിലര്‍മാര്‍ക്കെതിരെ തിരിയുകയാണന്ന് ബൈജു കുറ്റിക്കാടന്‍ ചൂണ്ടിക്കാട്ടി. കെട്ടിട പെര്‍മിറ്റ് അനുവദിക്കുന്നതു പോലുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ടവര്‍ നിര്‍മാണത്തില്‍ പൂര്ത്തികരിക്കാനുള്ളതെന്ന് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് വിശദീകരിച്ചു.
മിനി ബസ് സ്റ്റാന്‍ഡ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി- ഫെനി എബിന്
ഇരിങ്ങാലക്കുട മിനി ബസ് സ്റ്റാന്‍ഡ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി കൊണ്ടിരിക്കുകയാണന്നും ഇതിനെതിരെ നടപടി വേണമെന്നും ഫെനി എബിന് വെള്ളാനിക്കാരന്‍ ആവശ്യപ്പെട്ടു. അനതിക്യത വാഹന പാര്‍ക്കിംഗ് നടക്കുന്ന ഇവിടെ താല്‍ക്കാലിക വര്‍ക്ക്ഷോപ്പായും ഉപയോഗിക്കുന്നു. ബസ് സ്റ്റാന്‍ഡ് കാട്ടൂര്‍ റോഡിലെ അനതിക്യത പാര്‍ക്കിംഗ് മൂലം ഉള്വഴികളില് നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് സിജു യോഹന്നാന് പറഞ്ഞു.
മാര്‍ക്കറ്റില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം- ടികെ ഷാജു.
മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെങ്കില്‍ മാത്രമെ മാര്‍ക്കറ്റിന്റെ വികസനം സാധ്യമാവൂവെന്നും ടി.കെ. ഷാജു പറഞ്ഞു. പരിമിതമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മാത്രമാണുള്ളതെന്നും, മിനി ബസ് സ്റ്റാന്ഡിലേതുള്പ്പെടെയുള്ള അനധിക്യത പാര്‍ക്കിംഗിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്നും ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു.
ജനറല്‍ ആശുപത്രിക്കുമുന്നില്‍ കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കണം- പിടി ജോര്‍ജ്
ജനറല്‍ ആശുപത്രിക്കു മുന്നിലെ കാത്തിരുപ്പു കേന്ദ്രം പുനര്‍ നിര്‍മിക്കണമെന്നു പി.ടി ജോര്‍ജ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും പ്രായമായവരുമടക്കം നിരവധിപേരാണ് വെയിലത്ത് ബസുകളില്‍ കയറാന്‍ കാത്തു നില്‍ക്കുന്നത്.