ഇരിങ്ങാലക്കുട അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം 15വരെ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് ആറിന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്റ്റേജിന്റെ മേല്‍ക്കൂര സമര്‍പ്പണവും കലാപരിപാടികളുടെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടക്കും. 7.30ന് തൃശൂര്‍ ജനന നയനാ അവതരിപ്പിക്കുന്ന ഫോക്ക് ഈവ് അരങ്ങേറും. നാളെ വൈകീട്ട് തിരുവാതിരക്കളി, ശാസ്ത്രീയ സംഗീതര്‍ച്ചന, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും 11ന് രാത്രി 7.30 മുതല്‍ ഭരതനാട്യം, ഭക്തിസംഗീതനിശ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. താലപ്പൊലി ദിനമായ മാര്‍ച്ച് 15ന് രാവിലെ നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം, ബ്രാഹ്മണിപ്പാട്ട് എന്നിവയും 8.30ന് മൂന്ന് ഗജവീരന്മാരോട് കൂടി മേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളി ടൗണ്‍ഹാള്‍ ജംഗ്ഷനിലെത്തി പറകള്‍ സ്വീകരിച്ച് തിരിച്ചെഴുന്നള്ളും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നാമജപലഹരിയും വിശേഷാല്‍ പൂജകളും കലശാഭിക്ഷേകം എന്നിവയും പ്രസാദ ഊട്ടും നടക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് ആനയൂട്ടും, മൂന്നിന് നടക്കുന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പില്‍ മേളത്തിന് പെരുവനം പ്രകാശന് മാരാരുടെ പ്രമാണത്തില്‍ 101 വാദ്യ കലാകാരന്മാര് അണിനിരക്കും. തുടര്‍ന്ന് 6.30ന് നാദസ്വരവും ഏഴിന് വര്‍ണ്ണ മഴയും പത്തിന്് ഭക്തിഗാനമേളയും നടക്കും. അന്നേ ദിവസം വിവിധ ദേശങ്ങളില്‍ നിന്ന് നാടന്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൂത്താലം വരവ് രാത്രി 10.30ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. രാത്രി 12ന് ശേഷം വിളക്കെഴുന്നള്ളിപ്പും നടക്കും.