ദക്ഷിണേന്ത്യയില്‍ നിന്നും പുതിയ ഇനം കുയില്‍ കടന്നലിനെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തില്‍ നിന്നും ഒരു പുതിയ ഇനം കുയില്‍ കടന്നലിനെ കൂടെ കണ്ടുപിടിച്ചു. ക്രൈസ്റ്റ് കോളജ് ജന്തു ശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷക പി.ജി. അശ്വതി, ഗവേഷണ മേധാവി ഡോ. സി. ബിജോയിയുമാണ് ഈ കണ്ടെത്തലിനു പിന്നില്‍. കൂടാതെ ഇറ്റാലിയന്‍ ഗവേഷകനായ പാലൊ റോസയും, പോളണ്ടില്‍ നിന്നുമുള്ള ഗവേഷകനായ ബോഗ്ഡണ് വിസ്നോവ്സ്കിയും ഇതില്‍ മുഖ്യപങ്കു വഹിച്ചിരുന്നു. ട്രൈക്രൈസിസ് പോസിഡോണിയ എന്നാണ് ഈ പുതിയ ഇനം കുയില്‍ കടന്നലിനെ നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തമിഴ്നാട്ടില്‍ നിന്നും, കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മാടായിപാറയില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നേപ്പാളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പൂര്‍ണ വിവരണവും വാസ സ്ഥലത്തെപറ്റിയുള്ള വിവരങ്ങളും അന്താരാഷ്ട്ര ഗവേഷണ മാസിക ആയ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ടാക്സോണമിയില്‍ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ സമുദ്ര ദേവനായ പോസിഡോണിന്റെ കൈയില്‍ ഉള്ള ത്രിശൂലത്തിനു സമമാണ് ഈ ഇനം കുയില്‍ കടന്നലിന്റെ ഉദരത്തില്‍ ഉള്ള മൂന്നു പല്ലുകള്‍, ആയതിനാലാണ് ട്രൈക്രൈസിസ് ജീനസില്‍ പെടുന്ന ഇവക്കു ട്രൈക്രൈസിസ് പോസിഡോണിയ എന്ന പേര് നല്‍കിയിട്ടുള്ളത്. കുയില്‍ കാക്കയുടെ കൂട്ടില്‍ മുട്ടയിട്ടു പ്രജനനം നടത്തുന്നതുപോലെ ക്രൈസിഡിഡേ ഇനം കടന്നലുകള്‍ മറ്റു കടന്നലുകളുടെ കൂട്ടില്‍ മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവ കുയില്‍ കടന്നലുകള്‍ എന്ന് അറിയപ്പെടുന്നത്. ക്രൈസിഡിഡേ ഫാമിലിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ ഇനം കടന്നലുകള്‍ സൂര്യപ്രകാശം നന്നായി ഏല്ക്കുന്ന ചൂടുകൂടിയ ഭൂപ്രദേശങ്ങളില്‍ ആണ് കൂടുതലായി കാണപ്പെടുന്നത്. ജന്തുസസ്യ വൈവിധ്യത്തിനു പേരുകേട്ട മാടായിപാറയിലെ ലാറ്ററേറ്റ് ഘടന ഇവക്കു അനുയോജ്യമാണ്. കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ആണ് ഈ പഠനം നടത്തിയത്.