പദ്ധതികള്‍ കൈ നിറയെ; പഞ്ചായത്തുകളില്‍ ബജറ്റ് മേളം
വേളൂക്കര- ദാരിദ്ര്യ ലഘൂകരണത്തിന് മുന്‍ഗണന
കൊറ്റനെല്ലൂര്‍: ദാരിദ്ര്യലഘൂകരണത്തിനും ഭവനനിര്‍മാണത്തിനും ഊന്നല്‍ നല്കി വേളൂക്കര പഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായി. ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2.15 കോടിയും ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.4 കോടി രൂപയും ഉള്‍പ്പെടെ 28.18 കോടി വരവും 27.59 കോടി ചെലവും 58.63 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്
ആളൂര്‍- സമഗ്രവികസനത്തിന് പ്രാധാന്യം
ആളൂര്‍: ജനകീയ പങ്കാളിത്തത്തോടെ അടുത്ത രണ്ടു മാസം കൊണ്ട് അതിദാരിദ്ര്യ നിര്‍മാര്‍ജനം, ശുചിത്വത്തിന് പ്രാധാന്യം ആധുനിക ഗ്യാസ് ക്രിമിറ്റോറിയം, ആധുനിക അറവുശാല, സമഗ്ര ഉറവിട ജൈവ മാലിന്യ സംസ്കരണം, ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ്, ആളൂര്‍ സെന്റര്‍ ട്രയങ്കിള്‍ സൗന്ദര്യവല്‍ക്കരണം എന്നി പദ്ധതികള്‍ക്ക് പ്രാധാന്യം ആളൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് രതി സുരേഷ് അവതരിപ്പിച്ചു. 34,21,52,261 രൂപയുടെ വരവും, 33,27,24,725 രൂപയുടെ ചെലവും, 94,27,936 രൂപയുടെ മിച്ചമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു.
കാട്ടൂര്‍- മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ പാര്പ്പിടഗ്രാമമാക്കും
കാട്ടൂര്‍: ലൈഫ് ഭവനപദ്ധതിയിലൂടെ മൂന്നുവര്‍ഷംകൊണ്ട് കാട്ടൂരിനെ സമ്പൂര്‍ണ പാര്‍പ്പിട ഗ്രാമമാക്കാനൊരുങ്ങി ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ്. ഇതിന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം ഭവനനിര്‍മാണത്തിന് 1.53 കോടി രൂപ വകയിരുത്തി. 15.37 കോടി വരവും 14.96 കോടി ചെലവും 40.65 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അവതരിപ്പിച്ചു. വെള്ളക്കെട്ട് ശാസ്ത്രീയരീതിയില്‍ ഒഴിവാക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കും. കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റ് ഈ വര്‍ഷം തുറക്കുമെന്നും ബജറ്റ് പറയുന്നു. പ്രസിഡന്റ് ടി.വി. ലത അധ്യക്ഷയായി.