വിധവയും രോഗിയുമായ വ്യദ്ധയ്ക്ക് മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്തില്‍ ആശ്വാസം
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ മന്ത്രി ഡോ ആര് ബിന്ദുവിന്റെ ഉത്തരവ് …
ഇരിങ്ങാലക്കുട: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് മന്ത്രി ഉത്തരവിട്ടതോടെ വിധവയും രോഗിയുമായ വ്യദ്ധയുടെ കണ്ണുകള്‍ നിറഞ്ഞു . മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ അമ്പലനടയില്‍ വാരിയത്ത് വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ വല്‍സലയ്ക്കാണ് പരാതി പരിഹാര അദാലത്ത് അനുഗ്രഹവും സാന്ത്വനവുമായി മാറിയത്. ഭവന രഹിതയായ വല്‍സലയും കുടുംബവും സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പെയിന്റിംഗ് തൊഴിലാളിയായ മകന് ഗോപുവും കുടുംബവും അടക്കം എട്ട് പേരാണ് ഒരുമിച്ച് കഴിയുന്നത്. പട്ടികജാതിക്കാരി കൂടിയായ വല്‍സലയുടെ വീട് പ്രളയത്തില്‍ തകര്‍ന്നിരുന്നു. റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍ നിന്ന് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ മൂന്ന് വര്‍ഷങ്ങളായി ശ്രമിക്കുകയായിരുന്നുവെന്ന് അദാലത്തില്‍ വല്‍സല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് പറഞ്ഞു. രേഖകള്‍ പരിശോധിച്ച മന്ത്രി ഉടന്‍ തന്നെ കാര്‍ഡ് തരം മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനുള്ള നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അടക്കമുള്ളവര്‍ ഒപ്പം ഉണ്ടായിരുന്നു.