ഭവനരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പ്രസ്താവിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെയും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ നാലു ലക്ഷം രൂപ വകയിരുത്തി പണി പൂര്‍ത്തിയാക്കിയ കോഴേക്കാട്ട് ശങ്കരനാരായണന് കാര്‍ത്ത്യായനി ദമ്പതിമാരുടെ വീടിന്റെ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിനോടൊപ്പം സന്നദ്ധ സംഘടനകളുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി വേലിയേറ്റത്തിന്റെ ഭാഗമായുള്ള വെളളക്കെട്ടിന്റെ ദുരിതത്തില്‍ നിന്ന് ഇതോടെ ശങ്കരനാരായണന് കാര്‍ത്ത്യായനി ദമ്പതികള്‍ക്ക് മോചനമായി. ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കെ.എ. സദക്കത്തുള്ള, പ്രസന്ന അനില്‍കുമാര്‍, ഗീതാഞ്ജലി ബിജു, സിന്ധു ബാബു, കെ.ബി. ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. ചുരുങ്ങിയ കാലം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കിയ കോണ്ട്രാക്ടര് ഷൈന്‍, വീടുപണി കഴിയും വരെ വൃദ്ധ ദമ്പതികള്‍ക്ക് താമസിക്കാനായി സൗകര്യം നല്കിയ മണ്ണാറ വീട്ടില്‍ മുഹമ്മദ് അഷ്റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.