ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതിദിനാഘോഷവും സെമിനാറും
ഇരിങ്ങാലക്കുട: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘മണ്ണിന്റെ പാട്ട് ‘ എന്ന പേരില്‍ പരിസ്ഥിതിദിന ആഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ മാവിന്‍തൈ നട്ടുകൊണ്ട് പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തുന്ന ചെണ്ടുമല്ലികൃഷിയുടെ ആരംഭവും ഇതോടനുബന്ധിച്ചു നടന്നു. നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘മാലിന്യമുക്ത വിദ്യാലയം: ചെയ്യേണ്ടതും ചെയ്യരുതാത്തതും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ്. മിനി വിഷയാവതരണം നടത്തി. പോസ്റ്റര്‍ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ഇന്ദുലേഖ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജി. ഷീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ ആരാധന സ്വാഗതവും അനന്യ നന്ദിയും പറഞ്ഞു. അധ്യാപകരായ റോസ്മോള്, ബിജുമോന്, ബിജു ഡി എല്‍, ശാന്തി, സോണി, ഇന്ദുകല രാമനാഥ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.