പൗലോസ് ചിരിയത്തിന്റെ വിയോഗം; വിടവാങ്ങിയത് അനേകരുടെ കണ്ണുകളില്‍ വെളിച്ചമേകിയവന്‍
ഇരിങ്ങാലക്കുട: കണ്ണില്ലാത്ത നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നല്കുവാന് 45 വര്‍ഷമായി നന്മയുടെ കാഴ്ചവിളക്കുമായി സജീവമായിരുന്നവ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ താഴെക്കാട് സ്വദേശി ചിരിയത്ത് വീട്ടില്‍ പൗലോസ്. മരണത്തിനു ശേഷം അഴിഞ്ഞ് ഇല്ലാതാകുന്ന മനുഷ്യശരീരം കൊണ്ട് അനേകം മനുഷ്യര്‍ക്ക് നന്മ സമ്മാനിക്കാനാകുമെന്ന് പഠിപ്പിച്ച വ്യക്തി.
കാഴ്ചയില്ലാത്തതുമൂലം ഇരുളിന്റെ ലോകത്ത് കഴിഞ്ഞിരുന്ന 1200 പേര്‍ക്കാണ് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ പൗലോസ് നേത്രദാനങ്ങള്‍ വഴി നേത്രങ്ങള്‍ ദാനം ചെയ്തത്. ചെറുപ്പത്തില്‍ സമീപവീടുകളിലെ രോഗികള്‍ക്ക് ആശുപത്രികളില്‍ കൂട്ടിരിക്കാന്‍ പോകുന്നതില്‍ നിന്നാണ് പൗലോസിന്റെ സേവന ജീവിതത്തില്‍ തുടക്കം. ഇടവകയിലെ അള്ത്താരസംഘത്തിലൂടെയും മരിയന്‍ സൊഡാലിറ്റിയിലൂടെയും കുഞ്ഞുനാള് മുതലേ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ട് തുടങ്ങിയ പൗലോസ് 1960 ല്‍ ആണ് വിന്‍സെന്റ് ഡി പോള്‍ സംഘത്തില്‍ അംഗമാകുന്നത്. 1978 ല്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിക്കാനെത്തിയപ്പോഴാണ് നേത്രദാനത്തെക്കുറിച്ചറിഞ്ഞത്. അന്നുതുടങ്ങിയതാണ് നേത്രദാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. 1980 ല്‍ വിന്‍സെന്റ് ഡിപോള്‍ എന്ന സംഘടന താഴെക്കാട് ഇടവകയില്‍ നടത്തിയ നേത്ര ചികിത്സ ക്യാമ്പില്‍ പങ്കെടുത്ത 400 ല്‍ 300 പേരുടെയും കണ്ണുകള്‍ ദാനം നല്കാന് സമ്മതപത്രം ശേഖരിച്ചിരുന്നു.
ഇതിനു നേതൃത്വം നല്‍കിയത് പൗലോസാണ്. നേത്രദാനത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കി നേത്രദാനത്തിന്റെ സമ്മതപത്രം ഒപ്പിട്ടവര്‍ മരിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിച്ചു കണ്ണുകള്‍ ഏറ്റെടുപ്പിക്കുന്നതുവരെ പൗലോസിനു വിശ്രമമുണ്ടായിരുന്നില്ല. കണ്ണില്ലാത്തവരുടെ ദുരിതവും കഷ്ടപ്പാടുകളും പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് നേത്രദാനം പ്രാവര്‍ത്തികമാക്കിയിരുന്നത്. അങ്കമാലി ലിറ്റില്‍ ഫഌര്‍, തൃശൂര്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന് മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളിലേക്കാണ് കണ്ണുകള്‍ ദാനം നല്‍കിയിട്ടുള്ളത്. കേരള ഐ ബാങ്ക് അസോസിയേഷന്റേതടക്കം ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ വച്ച് കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ വയോജനസേവന ശ്രേഷ്ഠ പുരസ്കാരം മന്ത്രി ഡോ. ആര് ബിന്ദുവില്‍നിന്നും ലഭിച്ചീട്ടുണ്ട്. മൂന്നു തവണ താഴേക്കാട് പള്ളിയുടെ കൈക്കാരനും ആയിരുന്നു. പൗലോസിന്റെ കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലേക്ക് ദാനം ചെയ്തു.
അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.
പൗലോസ് (83) താഴെക്കാട്
താഴെക്കാട്: അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ ചിരിയത്ത് വാറുണ്ണി മകന് പൗലോസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30 ന് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. ആളൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: പരേതയായ റോസി. മക്കള്‍: ഓമന, ഡേവിഡ്, വര്‍ഗീസ്, ലീന, പരേതനായ ജോബി, സന്തോഷ്, ബീന. മരുമക്കള്‍: സെബാസ്റ്റിയന്, ഷീന, മോളി, വര്‍ഗീസ്, സിനി, ജിജി, രാജു.