കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജപ്തി നടപടികള്‍ നേരിടാനൊരുങ്ങി പ്രതികള്‍
വിലപിടിപ്പുള്ള സാധനങ്ങളില്‍ രഹസ്യ ഇടങ്ങളിലേക്ക് മാറ്റി, പ്രതികള്‍ ബന്ധു വീടുകളിലേക്കും.
പല പ്രതികളുടെയും ഫോണുകള്‍ സ്വിച്ച് ഓഫ്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ റവന്യൂ വകുപ്പിന്റെ ജപ്തി നടപടികള്‍ ആരംഭിച്ചതോടെ പ്രതികള്‍ ബന്ധു വീടുകളിലേക്ക് താമസം മാറ്റി. വിലപിടിപ്പുള്ള സാധനങ്ങള്‍ രഹസ്യ ഇടങ്ങളിലേക്കു മാറ്റി. ജപ്തിനടപടികള്‍ക്കായി ഇന്നലെ മാപ്രാണം ജംഗ്ഷനില്‍ തന്നെയുളള ബാങ്ക് ഭരണ സമിതി അംഗമായിരുന്ന ജോസ് ചക്രംപുള്ളിയുടെ വീട്ടില്‍ റവന്യൂ സംഘം എത്തിയിരുന്നു. വീട് അടച്ചിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജോസിനെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. തുടര്‍ന്ന് തളിയക്കോണത്ത് മുന്‍ ബാങ്ക് സെക്രട്ടറി ടി ആര് സുനില്‍കുമാറിന്റെ വീട്ടില്‍ ജപ്തി നടപടികള്‍ക്കായി എത്തിയെങ്കിലും, രണ്ട് മാസത്തേക്ക് ജപ്തി നടപടിയില്‍ സ്റ്റേ ഹൈക്കോടതിയില്‍ ലഭിച്ചതായി സുനില്‍കുമാര്‍ അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ബോധ്യമായതിനെ തുടര്‍ന്ന് റവന്യൂ സംഘം മടങ്ങുകയായിരുന്നു. അവസാനം മുന്‍ മാനേജര്‍ മാപ്രാണം സ്വദേശി എം കെ ബിജുവിന്റെ വീട്ടില്‍ റവന്യൂ സംഘം എത്തിയ സമയത്ത് ബിജുവിന്റെ പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയ നിലയിലായിരുന്നു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ പാര്‍വതി ദേവിയുടെ നേത്യത്വത്തില്‍ എത്തിയ സംഘത്തിന് ടെലിവിഷന്‍, ഫര്‍ണീച്ചറുകള്‍, ഫാനുകള്‍ എന്നിവ മാത്രമാണ് ജപ്തി ചെയ്യുവാന്‍ സാധിച്ചത്. ബിജുവില്‍ നിന്ന് പലിശയടക്കം 12, 25, 96,095 രൂപ ഈടാക്കണമെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വീടും സ്ഥലവും ബിജുവിന്റെ പേരിലാണുളളത്. മാതാപിതാക്കള്‍ക്ക് താമസം മാറാന്‍ സമയം നല്‍കിയതിന് ശേഷം ഇവ ജപ്തി ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മാടായിക്കോണം, മനവലശ്ശേരി വില്ലേജുകളില്‍ നിന്നുള്ള 22 പ്രതികളില്‍ നിന്നായി 137. 62 കോടി രൂപയാണ് ഈടാക്കാനുള്ളതായി കണക്കാക്കിയിരിക്കുന്നത്. മുകുന്ദപുരം തഹസില്‍ദാര്‍ കെ ശാന്തകുമാരി, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി ജി ശശിധരന്, ഉദ്യോഗസ്ഥരായ മനോജ് നായര്‍, ശ്യാമള സി ജി, പ്രസീത ജി, രശ്മി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്;
പ്രതികളില്‍ നിന്നും പ്രതികള്‍ തിരിച്ചടക്കേണ്ടത് 125.83 കോടി മാത്രം, ബാക്കി 175 കോടി രൂപയുടെ ബാധ്യതക്ക് കണക്കില്ല.
നിക്ഷേപകര്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ 300 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്ന് പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതികള്‍ക്കും കൂട്ടു പ്രതികള്‍ക്കുമായി 125.83 കോടി രൂപയുടെ ബാധ്യത മാത്രമുള്ളൂവെന്ന് സഹകരണ വകുപ്പിന്റെ റവന്യൂറിക്കവറിയുമായി ബന്ധപ്പെട്ട ഉത്തരവിലുള്ളത്. റവന്യൂ റിക്കവറിയിലൂടെ 125 കോടി രൂപ തിരിച്ചുപിടിച്ചാലും തട്ടിപ്പ് നടത്തിയ 300 കോടി രൂപയിലെ 175 കോടി രൂപ കണക്കില്‍ പെടാതെ പോകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. ബാങ്കില്‍ നിന്ന് വായ്പയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത മുഖ്യ പ്രതികള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രമേയുള്ളൂ. എന്നാല്‍ തട്ടിപ്പിന് കൂട്ടുനിന്നു എന്നാരോപിക്കപ്പെടുന്ന ഭരണസമിതി അംഗങ്ങള്‍ക്ക് കോടികളുടെ ബാധ്യതയാണ് കണക്കിലുള്ളത്. മൂന്ന് സീനിയര്‍ ഓഡിറ്റര്‍മാര്‍ രണ്ട് വര്‍ഷത്തോളം എടുത്ത് തിട്ടപ്പെടുത്തിയ 300 കോടി രൂപയുടെ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 227 കോടി രൂപയായി കുറഞ്ഞതിനു പിന്നിലെയാണ് ബാധ്യതകളുടെ കണക്കില്‍ പ്രതികള്‍ക്ക് വീണ്ടും ഇളവ് ലഭിച്ചിരിക്കുന്നത്. ബാങ്കിന്റെ കമ്മീഷന് ഏജന്റായിരുന്ന എ.കെ. ബിജോയ് എന്ന വ്യക്തി 63 വായ്പകളിലൂടെ 35.65 കോടി രൂപ തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ബിജോയിയില്‍ നിന്ന് 16 ലക്ഷം രൂപമാത്രം ഈടാക്കിയാല്‍ മതി എന്നാണ് ഉത്തരവ്. ഇതിനു പുറമേ ബിജോയിയും ബാങ്കിന്റെ മാനേജരായിരുന്ന ബിജുവും ചേര്‍ന്ന് മൂന്നു വായ്പകളിലായി 2.02 കോടിയുടെ തട്ടിപ്പും നടത്തിയിട്ടുള്ളതായി ആദ്യം വന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബിജു കരീം 65 വായ്പകളിലൂടെ 25.84 കോടി തട്ടിയെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ബിജുവില്‍ നിന്ന് 9.91 കോടി രൂപമാത്രം ഈടാക്കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവിലുള്ളത്. ബാങ്കില്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ് 10 വായ്പകളിലായി 5.3 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അയാളില്‍ നിന്നും ഈടാക്കുന്നത്. 16.11 ലക്ഷം രൂപ മാത്രം. കേസില്‍ ഒന്നാം പ്രതിയായ അന്നത്തെ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍ തട്ടിപ്പിലൂടെ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ സുനില്‍കുമാറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ അനുമതി തേടിയില്ല. എന്നാല്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം സുനില്‍ കുമാറില്‍ നിന്ന് 9.18 കോടി ഈടാക്കണമെന്നുണ്ട്. കേസില്‍ അഞ്ചാം പ്രതിയായ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യാഷര്‍ ആയിരുന്ന റജി കെ. അനിലില്‍ നിന്ന് പണം ഈടാക്കുന്നതിനെപ്പറ്റി ഉത്തരവില്‍ ഒന്നും പറയുന്നില്ല. എന്നാല്‍ റെജി കെ. അനിലിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതിവാങ്ങുകയും ചെയ്തു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭരണസമിതി അംഗങ്ങളില്‍ പ്രസിഡന്റ് ഉള്‍പ്പടെ ആറ് പേരില്‍ നിന്ന് 8.33 കോടി വീതവും മറ്റുള്ളവരില്‍ നിന്ന് രണ്ടുകോടി മുതല്‍ 6.11 കോടി വരേയും ഈടാക്കണമെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ ഇവര്‍ തട്ടിപ്പിലൂടെ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന് നഷ്ടമുണ്ടാകുന്നതിന് ഓരോ വ്യക്തിയും അവരുടെ അറിവോടെയും സമ്മതത്തോടെയും പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ പ്രകാരമാണ് ഓരോരുത്തരില്‍ നിന്ന് ഈടാക്കുന്നത് കണക്കാക്കിയതെന്നാണ് സഹകരണവകുപ്പ് പറയുന്നത്.
കോടികളുടെ തിരിമറി; ജപ്തി പട്ടികയില്‍ നിന്നും രണ്ടു പ്രതികളെ ഒഴിവാക്കി.
ഇരിങ്ങാലക്കുട: പ്രാഥമീക അന്വേഷണത്തിലും ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണത്തിലും അന്വേഷണത്തിലും പ്രധാന പ്രതികളായവര്‍ ജപ്തി പട്ടികയില്ല. സ്വത്ത് കണ്ടുകെട്ടേണ്ടവരുടെ പട്ടികയിലും തട്ടിപ്പ് നടന്നതായും പ്രതികള്‍ക്ക് ഉന്നതരില്‍ നിന്നും സഹായം ലഭഇക്കുന്നതായും ആരോപണം ഉയര്‍ന്നു. പ്രധാന പ്രതികളായ ബാങ്കിലെ റവന്യു ഇടനിലക്കാരനായ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റ് ചുമതലയുള്ള റെജി അനില്‍ എന്നിവരെയാണ് പട്ടിയില്‍ നിന്ന് ഒഴിവാക്കിയത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കേസിലെ മുഖ്യപ്രതികളാണ് ഇവരെന്ന് കണ്ടെത്തിയിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രധാന പ്രതികളാണ് ഇരുവരും. ഭരണസമിതി അംഗങ്ങളെ പ്രതിചേര്‍ക്കുന്നതിന് മുമ്പ് തന്നെ കേസില്‍ ഉണ്ടായിരുന്ന ആറ് പ്രധാനപ്രതികളില്‍ ഒരാളാണ് കിരണ്‍. ബാങ്കിലെ കമ്മീഷന് ഏജന്റും ഇടനിലക്കാരനുമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കിരണ്‍. 45 അനധികൃത ലോണുകളാണ് ഇയാള്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ളത്. 33 കോടി രൂപയോളം കിരണ്‍ തട്ടിപ്പിലൂടെ വക മാറ്റി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്നു റെജി അനില്‍കുമാറും കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയാണ്. ഇരുവരെയും ഇപ്പോള്‍ റവന്യൂ റിക്കവറി പട്ടികയില്‍ നിന്നാണ് സഹകരണ വകുപ്പ് ഒഴിവാക്കിയിരിക്കുന്നത് 125 കോടി രൂപ 25 പ്രതികളില്‍ നിന്ന് ഈടാക്കുമെന്നായിരുന്നു നേരത്തെ സഹകരണ വകുപ്പ് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചിരിക്കുന്നത് എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ലിസ്റ്റ് പ്രകാരം കിരണ്‍, റെജി എന്നിവര്‍ക്ക് പുറമെ മറ്റു രണ്ടു പേരെയും ഒഴിവാക്കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടുപേരാണ് ഒഴിവാക്കിയ മറ്റു രണ്ടുപേര്‍. കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍ നിന്ന് 125.84 കോടി പിടിച്ചെടുക്കാന്‍ കളക്ടര്‍ വി.ആര്. കൃഷ്ണതേജ നേരത്തെ ഉത്തരവിട്ടിരുന്നു സഹകരണ ജോയിന്റ് രജിസ്റ്റര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി.