പ്രാദേശിക വനിതാവായനക്കൂട്ടം രൂപീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ റോസ് അസോസിയേഷന് പ്രദേശത്ത് കവിയും സാംസ്കാരികപ്രവര്‍ത്തകയുമായ റെജില ഷെറിന്റെ നേതൃത്വത്തില്‍ വനിതാവായനക്കൂട്ടം രൂപീകരിച്ചു. ഓഫീസ് ജോലികള്‍ക്ക് ശേഷം വൈകീട്ട് തന്റെ കയ്യിലുള്ള പുസ്തകശേഖരത്തില്‍നിന്നും നൂറോളം പുസ്തകങ്ങള്‍ പുസ്തകസഞ്ചിയിലാക്കി പ്രദേശത്തെ വീടുകള്‍തോറും കയറിയിറങ്ങി അവര്‍ക്ക് താല്പര്യമുള്ളവ നേരിട്ട് വായനക്കായി നല്‍കിയാണ് റെജില ഷെറിന് സ്ത്രീവായനപ്രോത്സാഹനത്തിനായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.പുസ്തകങ്ങളുമായി വീടുകളിലേക്ക് ചെല്ലുമ്പോള്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഏത് തിരക്കിനിടയിലും പുസ്തകങ്ങള്‍ കയ്യിലെടുക്കുന്നതും മറിച്ച്നോക്കുന്നതും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുന്നതും കാണുമ്പോള്‍ ഹൃദയം നിറയുന്നു എന്ന സന്തോഷത്തിലാണ് റെജിലാ ഷെറിന്. വായനയില്‍ താല്പര്യമുള്ളവരെ ചേര്‍ത്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ
‘ഒരു കഥകേട്ടുറങ്ങാം’ പംക്തിയും (കഥകളുടെ ഓഡിയോയും) ആളുകളെ വായനയിലേക്ക് എത്തിക്കുന്ന മറ്റു പോസ്റ്റുകളും ദിവസേന ഷെയര്‍ ചെയ്യുന്നുണ്ട്. ഇരുപതോളം കുടുംബങ്ങള്‍ ഈ ഗ്രൂപ്പിലിപ്പോള്‍ സജീവമാണ്. ഒഴിവുദിവസങ്ങളില്‍, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വീട്ടുമുറ്റ ചര്‍ച്ചകള്‍ നടത്തുകയാണ് അടുത്ത പദ്ധതി. അയല്പ്പക്കസൗഹൃദങ്ങള് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ പരസ്പര സ്നേഹവും വിശ്വാസങ്ങളും വര്‍ധിപ്പിച്ച് കൈത്താങ്ങായി നില്ക്കുവാന് ഏറെ സഹായകരമാകുന്നുവെന്നും കൂടാതെ വായനയിലൂടെ ലഭിക്കുന്ന അറിവിലൂടെ ശാക്തീകരണവും പ്രതിസന്ധികളില്‍ അതിജീവനവും മാനസിക ഉല്ലാസവും സ്ത്രീകള്‍ക്ക് വളരെയധികമായി ലഭിക്കുകയും ചെയ്യുന്നു എന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് വായനാവാരത്തിന് മുന്നോടിയായി ഇങ്ങനെ ഒരു കൂട്ടായ്മ രൂപീകരിച്ചത് എന്ന് റെജിലാ ഷെറിന് അഭിപ്രായപ്പെട്ടു. കൂട്ടായ്മയെ കുറിച്ച് സ്ത്രീകള്‍ തമ്മില്‍ പറഞ്ഞറിഞ്ഞ് വായിക്കുവാന്‍ പുസ്തകം വേണം എന്ന ആവശ്യവുമായി പലസ്ത്രീകളും കവിയുടെ വീട്ടിലേക്കും വരുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ നൂറോളം പുസ്തകങ്ങള്‍ അയല്‍പ്പക്ക സ്ത്രീസൗഹൃദങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞുവെന്നതിന്റെ സംതൃപ്തിയിലാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയായ കവയിത്രി. ‘ഖമര്‍ പാടുകയാണ്’ എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സാഹിതി ഇന്റര്‍ നാഷണലിന്റെ നീര്‍മാതളം പുരസ്കാരം, നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എ. അയ്യപ്പന് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.