വിവിധയിടങ്ങളിൽ മഴ നാശം വിതച്ചു
വള്ളിവട്ടത്തും മരങ്ങള്‍ വീണു
വള്ളിവട്ടം നായ്ക്കുളത്ത് കോടുംമാടത്തില് രാജേഷിന്റെ വീടിന്റെ കാര്‍ ഷെഡ് തെങ്ങ് വീണ് തകര്‍ന്നു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡില്‍ കോഴിക്കാട്ടില്‍ ചേനക്കപറമ്പില് റസാഖിന്റെ വീടിനു മുകളില്‍ ആഞ്ഞിലി മരം കടപുഴകി വീണു. കോഴിക്കാട് സെന്ററില്‍ റോഡരികിലുള്ള മരം കടപുഴകി വീണ് റോഡ് തകര്‍ന്നു.
പൂമംഗലത്ത് 12 മരങ്ങള്‍ വീണു
പൂമംഗലം: പഞ്ചായത്തില്‍ 12 ഇടത്ത് മരങ്ങള്‍ കടപുഴകി വീണു. എടക്കുളത്ത് ചെമ്പഴന്തി ഹാളിനു മുന്പില് റോഡിലേക്ക് തേക്കുമരം വീണ ഗതാഗതം തടസപ്പെട്ടു. എസ്എന്‍ജിഎസ്എസ് സ്കൂളിന് സമീപത്തും അവണ്ടര്ച്ചാലില് മൂന്നിടത്തും എടക്കുളം കുട്ടിപ്പാലം പരിസരത്തും മരങ്ങള്‍ വീണു. തുമ്പരപ്പിള്ളി അമ്പലം വഴിയില്‍ കശുമാവ് വീണ് മൂന്നു വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. ചേലൂരില്‍ പുത്തന്‍വീട്ടില്‍ തുളസിയുടെ വീടിനു മുകളിലേക്ക് പ്ലാവ് വീണു. ആര്‍ക്കും പരിക്കില്ല.
വലിയ മരം റൂട്ടിലേക്ക് വീണു
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയിലെ അറവുശാലയുടെ മുന്പിലെ റോഡിലേക്ക് സമീപത്തെ പറമ്പിലെ വലിയമരം കടപുഴകി വീണു. ഇതുവഴിപോയ കറിയാത്രക്കാര് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മരം വൈദ്യുതി കമ്പികളില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചു. സമീപത്ത് മറ്റൊരു മരം പാതി ഒടിഞ്ഞ് തൂങ്ങി. പലയിടത്തും ചെറിയ മരങ്ങള്‍ വൈദ്യുതി കമ്പികളിലേക്ക് വീണു. കാട്ടുങ്ങച്ചിറ കാക്കാട്ട് അമ്പലത്തിന് സമീപം കൊച്ചുപറമ്പത്ത് വീട്ടില്‍ സനോജിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കോണ്‍ക്രീറ്റ് റിംഗ് പൂര്‍ണമായും ഇടിഞ്ഞു പോയി.
നടവരമ്പില്‍ കാറ്റില്‍ വ്യാപക നാശം
നടവരമ്പ്: ശക്തമായ കാറ്റില്‍ അവിട്ടത്തൂര്‍, നടവരമ്പ് കോളനിപ്പടി എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്ടം. നടവരമ്പ് കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി കുളത്തിലേക്ക്വീണ് കുളപ്പുരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിന്റെ നടപ്പുരയുടെ ഓടുകള്‍ പറന്ന് താഴേക്ക് വീണു. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളിക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അവിടത്തൂര് വാരിയത്ത് തേക്കുള്‍പ്പെടെയുള്ള മരങ്ങള്‍ വീണു. പലയിടത്തും പോസ്റ്റുകള്‍ ഒടിഞ്ഞു വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. നടവരമ്പ് കോളനിയില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. കണ്ണൂക്കാടന്‍ സുരേന്ദ്രന്, കോലോത്ത് രൂപേഷ്, തൃപ്പേണത്തു തൃപ്പണത്ത് മധു, ആച്ചാണ്ടി ശവരാമന്‍ എന്നിവരുടെ വീടിനുമുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് ഭാഗികനാശമുണ്ടായി.
കുന്നത്തൂരില്‍ വീട് പൂര്‍ണമായും തകര്‍ന്നു വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടവരമ്പ്: കഴിഞ്ഞദിവസം രാത്രി പെയ്ത മഴയില്‍ കുന്നത്തൂരില്‍ വീട് പൂര്‍ണമായും തകര്‍ന്നുവീണു. തറയില്‍ ഷമീനയുടെ ഓടിട്ട വീടാണ് കഴിഞ്ഞ ദിവസം രാത്രി 9:30 യോടെ പൂര്‍ണമായും തകര്‍ന്നു വീണത്. ഷെമീനയും ഭര്‍ത്താവ് ഹാഷിമും രണ്ടു കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്‍ഭാഗത്തെ ഒരു മുറിയുടെ മുകള്ഭാഗം മാത്രം താഴേക്ക് വീഴാതെ നിന്നതിനാലാണ് കുടുംബം രക്ഷപ്പെട്ടത്. ഹാഷിമിന് പനി ആയതിനാല്‍ വീട്ടുകാര്‍ നേരത്തെ മുറിയില്‍ കയറിക്കിടന്നിരുന്നു. അധികം വൈകാതെ ഇവര്‍ കിടന്നിരുന്ന റൂമിന്റെ ഭാഗത്തെ മേല്‍ക്കൂര ഒഴികെ ബാക്കിയെല്ലാം നിലം പതിച്ചു. നാട്ടുകാര്‍ എത്തിയാണ് വീട്ടുകാരെ പുറത്തെത്തിച്ചത്. വാര്‍ഡ് മെമ്പര്‍ ജിയോ ഡേവിസിന്റെ നേതൃത്വത്തില്‍ ഇവരെ വാടക വീട്ടിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഡിവൈഎസ്പി ടി.കെ. ഷൈജു എന്നിവര്‍ അപകടം നടന്ന വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍, മാപ്രാണത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, കരുവന്നൂരില്‍ 35000 വാഴകള്‍ വെള്ളക്കെട്ടില്‍
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയില്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പൂമംഗലം പഞ്ചായത്തില്‍ ചേലൂര്‍ പൂച്ചക്കുളം, മുട്ടത്തേര് ഔണ്ട്രച്ചാല്, ഞാറലേരി, പള്ളിത്താഴം, പെരുന്തോട് എന്നിവടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ അടുത്ത ദിവസം ദുരിതാശ്വാസക്യാമ്പ് തുടങ്ങേണ്ടി വരുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ ഇട്ടിക്കുന്ന് കോളനി, മാഞ്ചിറ എന്നിവടങ്ങളില്‍ ആറോളം വീടുകള്‍ വെള്ളക്കെട്ടില്‍ ആയിട്ടുണ്ട്. പഞ്ചായത്തില്‍ കനോലി കനാലിന്റെ തീരം ഇടിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ പെരുവല്ലിപ്പാടം പ്രദേശത്ത് ഏതാനും വീടുകള്‍ വെള്ളക്കെട്ടിലാണ്. മാപ്രാണം വാതില്‍മാടം കോളനിയില്‍ വീടുകളുടെ പുറകിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു തുടങ്ങി. എട്ടോളം വീട്ടുകാര്‍ക്ക് ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോളനിയില്‍ നിന്ന് നാല് കുടുംബങ്ങളിലായി 11 പേര് മാപ്രാണം സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്. കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടത്തെ 35000 ത്തോളം വാഴകള്‍ വെള്ളക്കെട്ടില്‍ ആയിട്ടുണ്ട്. വേളൂക്കര പഞ്ചായത്തില്‍ കൊറ്റനെല്ലൂര്‍ തൈവളപ്പില്‍ ജോണ്‍സന്റെ ഓടിട്ട വീടിന്റെ മേല്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. പൊറത്തിശ്ശേരിയില്‍ കുണ്ടില്‍ ഷാജുവിന്റെ ഓടിട്ട വീട്ടില്‍ മരം വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൊറത്തിശേരി ബോയ കോളനിയില്‍ കൂടാരത്തില്‍ രുഗ്മിണിയുടെ വീടിന്റെ പുറക് വശത്തെ ചുമര് ഇടിഞ്ഞിട്ടുണ്ട്. ആളൂര്‍ പഞ്ചായത്തില്‍ തച്ചുപറമ്പില്‍ തങ്കമണിയുടെ ഓടിട്ട വീട്ടില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.
മാപ്രാണം വാതില്‍മാടം കോളനി; നഗരസഭ അടിയന്തര യോഗം ചേര്‍ന്നു, പരിഹാരം കാണാന്‍ മന്ത്രിയുടെ നേത്യത്വത്തില്‍ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മാപ്രാണം വാതില്‍മാടം കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മഴക്കെടുതികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനം. വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ അനിവാര്യമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രത്യേകയോഗം വിളിച്ച് ചേര്‍ക്കുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അറിയിച്ചു. വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് നീക്കംചെയ്യാന്‍ ജിയോളജി വകുപ്പിന്റെ ഉത്തരവ് നേടാനും 2016-17 കാലഘട്ടത്തില്‍ കോളനിയില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 63 ലക്ഷം വിനിയോഗിക്കാനും ഭവന നിര്‍മ്മാണത്തിനായി അഞ്ച് കുടുംബകള്‍ക്ക് പത്ത് ലക്ഷം വീതം റവന്യൂ വകുപ്പ് അനുവദിച്ചത് ചിലവഴിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാനും വിവിധ വകുപ്പുകളുടെ സംയുക്തമായ ഇടപെടല്‍ വേണ്ടി വരുമെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു. വര്‍ഷങ്ങളായുള്ള പ്രശ്നത്തിന്റെ പരിഹാരം നീണ്ട് പോകുന്നതില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംരക്ഷണഭിത്തി നിര്‍മ്മിക്കാനും മണ്ണ് നീക്കുന്നത് സംബന്ധിച്ച ജിയോളജി വകുപ്പിന്റെ തടസങ്ങള്‍ നീക്കാനും ജാഗ്രത കാണിച്ചില്ലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മണ്ണ് മാറ്റാന്‍ സ്വകാര്യ വ്യക്തി തയ്യാറായിരുന്നുവെന്നും ജിയോളജി വകുപ്പ് സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍കിയില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വിഷയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിരുന്നതായി കോളനിവാസിയായ സുഹ്റ പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, കൗണ്‍സിലര്‍മാരായ കെ.ആര്. ലേഖ, ടി.കെ. ഷാജു, ബൈജു കുറ്റിക്കാടന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു മാസ്റ്റര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രേഖ, വില്ലേജ് ഓഫീസര്‍ സന്ദീപ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, സിപിഎം ലോക്കല്‍ സെക്രട്ടറി ജീവന്‍ലാല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കരൂപ്പടന്നയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു
കരൂപ്പടന്ന: കനത്ത മഴയില്‍ കരൂപ്പടന്ന ടൗണ്‍ ജുമാ മസ്ജിദ് മുസാഫരിക്കുന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു. നിലവില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. കല്ലിങ്ങല്‍ വീട്ടില്‍ ഷാജഹാന്റെ വീടിനു സമീപമാണ് മണിടിച്ചല് ഉണ്ടായത്. റോഡിലേക്ക് വീണ കട്ടയും മണ്ണും നാട്ടുക്കാരുടെ നേതൃത്വത്തില്‍ മാറ്റി. മുസാഫരി കുന്നിന്റെ അപകടസാദ്യതയുള്ള ഭാഗങ്ങളിലെ 21 കുടുംബങ്ങള്‍ ദുരന്തനിവാരണ വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് പഞ്ചായത്തംഗം എം.എച്ച്. ബഷീര്‍ ആവശ്യപ്പെട്ടു.