റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി, വീടുകള്‍ വെള്ളക്കെട്ടിലെന്ന് പരാതി
പടിയൂര്‍: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സമീപത്തെ വീട്ടുകാര്‍ വെള്ളക്കെട്ടില്‍ ആയതായി പരാതി. പടിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചക്കപ്പന്‍ റോഡില്‍ അണ്ടിക്കോട്ട് പീയൂഷ്, കല്ലായില്‍ ബേബി എന്നിവരുടെ എന്നിവരുടെ വീടും പറമ്പും ആണ് വെള്ളക്കെട്ടിലായത്. പീയൂഷിന്റെ കിണറിന്റെ വശങ്ങള് ഇടിഞ്ഞു തുടങ്ങി. വീടുകളിലെ വെള്ളം റോഡിന്റെ വശങ്ങളിലൂടെ ആയിരുന്നു പോയിരുന്നതെന്നും എന്നാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്ത അവസ്ഥയിലാണെന്നും വീട്ടുകാര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണം നടക്കുമ്പോള്‍ വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ റോഡിന്റെ വശത്തുകൂടി വെള്ളം പോകാന്‍ സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വന്ന ഉദ്യോഗസ്ഥരും കരാറുകാരനും കുടിവെള്ളം പോകാന്‍ സൗകര്യം ഇല്ലാത്ത രീതിയില്‍ വശങ്ങള് മണ്ണിട്ട് നികത്തിയതാണ് കാരണം. ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്കിയപ്പോള് അടിയന്തരമായി പ്രശ്നം പരിഗണിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ പറയുന്നു. അടിയന്തരമായി വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ഇരുവരും.