മണിപ്പുരിലെ ക്രൂരതക്കെതിരെ സമൂഹ മനസാക്ഷി ഉണരണം: മാര്‍ പോളി കണ്ണൂക്കാടന്‍
മണിപ്പുര്‍ കലാപം; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി
ഇരിങ്ങാലക്കുട: ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് മണിപ്പുരില്‍ നടക്കുന്നത്. ഇത്തരം ക്രൂരതകള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയിലെ മാതൃസംഘം, വനിതാ കമ്മീഷന്, സിആര്‍ഐ ഇരിങ്ങാലക്കുട സോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഇരിങ്ങാലക്കുട ആല്ത്തറക്കല് നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഭീകരത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കുത്സിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മണിപ്പൂരിലെ സ്ത്രീകളോടു നടന്ന ക്രൂരത ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖം വികൃതമാക്കി. ഭീകരവാദവും തീവ്രവാദവും വംശീയ കലാപവും മൂലം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ വിശ്വമാനവികതയും സാഹോദര്യവുമാണ്. ഇത് ഏറെ വേദനാജനകമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് സന്യസ്തരും സത്രീകളും പ്രതിഷേധ സദസില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഫാളാഗ് ഓഫ് ചെയ്തു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോളി വടക്കന്‍ ആമുഖപ്രസംഗം നടത്തി.
ജാഗ്രത സമിതി സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍സി പോള്‍ എസ് എച്ച്, ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പാവനാത്മ പ്രൊവിഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ്, അല്‍വേര്‍ണിയ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സിസ്റ്റര്‍ ലില്ലി മരിയ എഫ്സിസി, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ വിമല സിഎംസി, മാതൃസംഘം രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, മാതൃവേദി സെനറ്റംഗം ലിന്‍സി, വനിതാ കമ്മീഷന് രൂപതാ പ്രസിഡന്റ് മേരി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മണിപ്പുര്‍; ഭരണാധികാരികള്‍ മാപ്പു പറയണം
ഇരിങ്ങാലക്കുട: ലോക മനസാക്ഷിക്കു മുമ്പില്‍ ഭാരതത്തെ ലജ്ജിച്ചു തലകുനിക്കേണ്ട അവസ്ഥയിലേക്ക് മണിപ്പൂര്‍ കലാപം എത്തിച്ച ഭരണാധികാരികള്‍ മാപ്പുപറയുകയും അക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കിക്കൊണ്ട് മണിപൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ഇരിങ്ങാലക്കുട കുടുംബക്കൂട്ടായ്മ രൂപതാ കേന്ദ്ര സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ കാവല്‍ക്കാരായി മാറേണ്ട ജനപ്രതിനിധികള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാതെ അവരെ അപമാനിക്കുകയും ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരമായ കാഴ്ചയാണ് മണിപ്പൂരില്‍ കാണാന്‍ സാധിക്കുന്നത്. രൂപത ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത്, രൂപത പ്രസിഡണ്ട് ജോഷി പുത്തിരിക്കല്‍, രൂപത സെക്രട്ടറി ജോജി പടിഞ്ഞാക്കര, രൂപത ജോയിന്റ് സെക്രട്ടറി തോംസണ്‍ അരിമ്പൂപറമ്പില്‍, ജിയോ ജെ. അരീക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.