കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഫിലോമിന മരിച്ചിട്ട് ഒരാണ്ട്, ഇനിയും കിട്ടാതെ നിക്ഷേപത്തുക
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം വിദഗ്ധ ചികിത്സയ്ക്ക് പോലും കിട്ടാതെ ഫിലോമിന (70) മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസിയുടെ ഭാര്യയാണ് ഫിലോമിന. ഫിലോമിനയുടെ മൃതദേഹവുമായി ഭര്‍ത്താവ് ദേവസിയും കുടുംബവും ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചതോടെ മുഴുവന്‍ തുകയും നല്‍കുമെന്ന് സ്ഥലം എംഎല്‍എആയ മന്ത്രി ആര്. ബിന്ദു അറിയിച്ചിരുന്നു. 27 ലക്ഷത്തോളം രൂപയില്‍ 64,000 രൂപ ഒഴികെ കൊടുക്കുകയും ചെയ്തു. എന്നാല്‍ ബാക്കി തുക ബാങ്ക് ഇനിയും കാരണമില്ലാതെ പിടിച്ചു വച്ചിരിക്കുകയാണ്. പെട്ടിഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന 80 വയസുള്ള ദേവസി ഈ തുകയ്ക്കായി ഒരാണ്ടിനിടെ 30 തവണ ബാങ്കില്‍ കയറിയിറങ്ങി. തുക കിട്ടിയില്ലെന്ന് മാത്രമല്ല നിങ്ങള്‍ക്കു മാത്രം പണം നല്കിയാല് മതിയോ എന്ന് ചോദിച്ച് ബാങ്കുകാര് ആക്ഷേപിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. ഫിലോമിനയ്ക്ക് തലച്ചോറില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്ന് ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ചികിത്സക്കായി പലതവണ പണം ആവശ്യപ്പെട്ടിട്ടും ബാങ്കധികൃതര്‍ ഒന്നും നല്‍കിയില്ലെന്നു മാത്രമല്ല മോശമായ പെരുമാറ്റമായിരുന്നുവെന്നും ഭര്‍ത്താവ് ദേവസി ആരോപിച്ചിരുന്നു. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റായാണ് ഫിലോമിന വിരമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു പിന്നാലെ പെന്ഷന് തുക ഉള്‍പ്പെടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഏറെ നാളായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. 40 വര്‍ഷമായി മാപ്രാണം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണു ദേവസി.