ഇരിങ്ങാലക്കുട കലാപൈതൃക നഗരം പദ്ധതിക്കായി ആരംഭിച്ച താൽകാലിക ഓഫീസ് കെട്ടിടം കാടുകയറി
കലയ്ക്കു പദ്ധതിയിട്ടു; വളർന്നത് കാട്!
ഇരിങ്ങാലക്കുട: കലാ-സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി ഇരിങ്ങാലക്കുട ആസ്ഥാനമാക്കി തുടക്കം കുറിച്ച അന്താരാഷ്ട്ര കലാ പൈതൃക നഗരം പദ്ധതി നിലച്ചു. പദ്ധതിക്കായി ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യുകയും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തെങ്കിലും തുടർ പ്രവൃത്തികൾ മുടങ്ങി. പദ്ധതിയുടെ ഓഫീസായിരുന്ന മുകുന്ദപുരം താലൂക്കിലെ പഴയ മനവലശേരി വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കാടുകയറി.
ക്ലാസിക്കൽ കലാരൂപങ്ങളുടെ വളർച്ചയും പ്രോത്സാഹനവും കലാരൂപങ്ങളുടെ അവതരണത്തിനും പരിശീലനത്തിനും ഉള്ള സൗകര്യങ്ങൾ, പെർഫോമിംഗ് തിയേറ്ററുകൾ, ഭാരതീയ സംഗീത കലാസ്വാദനത്തിനും പരിപോഷണത്തിനുമുള്ള കേന്ദ്രങ്ങൾ, ഫോക്ലോർ അക്കാദമി, ആർട്ട് ഗ്യാലറി, കലാകാരൻമാർക്കും സാംസ്കാരിക പ്രവർത്തകർക്കുമുള്ള കോട്ടേജുകൾ, സാംസ്കാരിക വിനിമയം, ആർട്ട് മ്യൂസിയം, നൃത്ത മണ്ഡപം, ഗവേഷണ കേന്ദ്രം, ലൈബ്രറി എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി.
1995ലെ തിരുവിതാംകൂർ കൊച്ചി ആക്ട് പ്രകാരം കലാ ഗ്രാമം രജിസ്റ്റർ ചെയ്തു സർക്കാരിനു പദ്ധതി സമർപ്പിച്ചിരുന്നു. എംഎൽഎ ചെയർമാനും തൃശൂർ ജില്ലാ കളക്ടർ കണ്‍വീനറുമായി കമ്മിറ്റിയുണ്ടാക്കാനും തീരുമാനിച്ചു. 2014ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണു അന്താരാഷ്ട്ര പൈതൃക നഗരം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത്.
2014ൽ സ്ഥലമേറ്റെടുക്കാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ടോക്കണ്‍ തുകയായി ബജറ്റിൽ 20 ലക്ഷവും നീക്കിവച്ചു. ആദ്യഘട്ടത്തിൽ പത്തേക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നീക്കം. ഇതിനായി പടിയൂർ, ആളൂർ പഞ്ചായത്തുകളിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എംഎൽഎ ചെയർമാനായി പി.കെ. ഭരതൻ, ഹര ഇരിങ്ങാലക്കുട, ബോബി ജോസ് എന്നിവരടക്കം എട്ടുപേർ ഉൾപ്പെടുന്ന താൽക്കാലിക ഭരണസമിതി നിലവിൽവന്നിരുന്നു. തുടർന്നു നിരവധി യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ഒട്ടനവധി തൊഴിലവസരങ്ങൾകൂടി ഇരിങ്ങാലക്കുടയിലേക്കു ലഭ്യമാകേണ്ട പദ്ധതിയാണു നിലച്ചത്.