സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു
നടവരമ്പ്: ബഡ്സ് സ്കൂള്‍, ബഡ്സ് റിഹാബിറ്റേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ദൃഢനിശ്ചയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ക്ലാസ് റൂം അനുഭവങ്ങള്‍ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്കൂളിലേക്ക് പോകാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ ഇരുന്ന് പഠിക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉറപ്പാക്കി പഠന പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വീട്ടില്‍ തന്നെ ഇരുന്ന് സ്കൂള്‍ അന്തരീക്ഷത്തിന് സമാനമായി പഠിക്കുവാനും അധ്യാപകരുമായി സംവാദിക്കാനും സംശയങ്ങള്‍ ചോദിക്കുവാനും വെര്‍ച്വല്‍ ക്ലാസ് റൂമിലൂടെ സാധിക്കും എന്നും മന്ത്രി പറഞ്ഞു. വേളൂക്കര പഞ്ചായത്തിലെ പുളിയത്ത് പറമ്പില്‍ വീട്ടില്‍ വിനീഷിന്റെയും ദീപയുടെയും മകനായ ആറാം ക്ലാസിൽ പഠിക്കുന്ന ദേവാനന്ദിനെയാണ് വെര്‍ച്വല്‍ ക്ലാസ് റൂം സംവിധാനം മിനിസ്റ്റര്‍ പരിചയപെടുത്തിയത്. ദേവാനന്ദിന് ടാബും, റൂട്ടര്‍, വൈഫൈ സംവിധാനം എല്ലാം സജമാക്കിയിട്ടുണ്ട്. നടവരമ്പ് സര്‍ക്കാര്‍ സ്കൂളിലെ ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണപിന്തുണ ദേവാനന്ദിന് ഉണ്ട്. ഒപ്പം ഓണക്കോടിയും മന്ത്രി സമ്മാനിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ അക്കാദമിക മുന്നേറ്റം സാധ്യമാക്കുക, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുക, ആത്മവിശ്വാസവും ആത്മധൈര്യവും വളര്‍ത്തുക എന്നിവയാണ് വിര്‍ച്വല്‍ ക്ലാസ് റൂമിന്റെ ലക്ഷ്യങ്ങള്‍. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷയായി. എസ്എസ്കെഡിപിസി ഡോ. എം.ജെ. ബിനോയ്, വെളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ്, വെള്ളാങ്കല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ്വിന് റോഡ്രിഗ്സ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്, നടവരമ്പ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.