ഡ്രൈവർമാരും ബസുമില്ല, കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ റദ്ദാക്കി
ഇരിങ്ങാലക്കുട: ബസുകളുടെയും ഡ്രൈവർമാരുടെയും കുറവുമൂലം ഇരിങ്ങാലക്കുട കെ എസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽനിന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ഉല്ലാസയാത്രകൾ റദ്ദാക്കി. കെ എസ്ആർടിസി ബറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വയനാട്, വാഗമണ്‍, മൂന്നാർ ജംഗിൾ സഫാരി എന്നീ യാത്രകൾ തിരുവോണനാൾ മുതൽ സൈലന്റ് വാലിയിലേക്ക് നടത്താനിരുന്ന പുതിയ സർവീസുമാണ് റദ്ദാക്കിയത്.
സാധാരണ സർവീസുകൾക്ക് പുറമേ അധിക ബാധ്യതയില്ലാതെ ലക്ഷക്കണക്കിന് രൂപയുടെ അധികലാഭമാണ് ഉല്ലാസയാത്രകളിലൂടെ കെ എസ്ആർടിസിക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ 37 സർവീസുകളിൽ നിന്നായി 12.13 ലക്ഷം രൂപയുടെ അധികവരുമാനം നേടി. എന്നാൽ വണ്ടികളും ജീവനക്കാരും ഇല്ലാത്തതിനാൽ ജൂണ്‍ മാസം പൂർണമായും സർവീസുണ്ടായില്ല. ജൂലൈയിൽ പകുതി സ്ഥലങ്ങളിലേക്ക് മാത്രമാണ് സർവീസുകൾ നടത്തിയത്. ഒരു വണ്ടിയാണ് ഇത്തവണ നാലന്പലതീർഥാടനത്തിന് 30 ദിവസം ഓടിയത്.
കഴിഞ്ഞ വർഷം അവധി ദിവസങ്ങളിൽ ആറ് സർവീസുവരെ നടത്തിയിരുന്നു. നേരത്തെ 21 സർവീസുകൾവരെ നടത്തിയിരുന്ന ഇരിങങാലക്കുടയിൽനിന്ന് ഇപ്പോൾ ഷിഫ്റ്റ് അടക്കം 15 സർവീസുകൾ മാത്രമാണുള്ളത്. 21 സർവീസിന് 40 ഡ്രൈവർമാരെയാണ് വേണ്ടത്. എന്നാൽ 22 പേർ മാത്രമാണുള്ളത്. നിലവിൽ അഞ്ച് ഡ്രൈവർമാരുടെ കുറവുണ്ട്. ഇതിനുപുറമേ എട്ടുപേർ ജനറൽ ട്രാൻസ്ഫറിന് പോയതോടെയാണ് ലിസ്റ്റ് 13 ആയി മാറിയത്. 21 സർവീസ് നടത്താൻ ഈ 13 പേർക്കു പുറമേ കൂടുതലായി അഞ്ചുപേരെക്കൂടി ഡ്രൈവർമാരായി വേണം.
അഞ്ച് കണ്ടക്ടർമാരുടെ കുറവും ഇവിടെയുണ്ട്. ഇതിനിടയിൽ ചിലർ മെഡിക്കൽ ലീവുകൂടി എടുക്കുന്നതോടെ ഉല്ലാസ യാത്രകൾ മാത്രമല്ല, മറ്റ് ദൈനംദിന സർവീസുകളിൽ പലതും റദ്ദാക്കേണ്ട അവസ്ഥയാണ്. ആവശ്യത്തിന് ഡ്രൈവർമാരെ നിയമിക്കണമെന്ന് നിരധിതവണ ആവശ്യപ്പെട്ടെങ്കിലും കഐസ്ആർടിസി പരിഗണിച്ചില്ല. ജനറൽ ട്രാൻസ്ഫറിൽ ഇരിങ്ങാലക്കുടക്ക് ഡ്രൈവർമാരെ അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ലഭിച്ചിട്ടില്ല.