വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് സപ്തദിന ക്യാമ്പ്
ഇരിങ്ങാലക്കുട: സാമൂഹ്യ സേവനത്തിലൂടെ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ക്യാമ്പില്‍ അന്‍പതോളം എന്‍എസ് എസ് വളണ്ടിയര്‍മാര്‍ പങ്കാളികളായി. സ്കൂളിലെ ക്ലാസ് മുറികള്‍ മോടി പിടപ്പിക്കല്, ശലഭോദ്യാന നവീകരണം, പച്ചക്കറിതോട്ട നിര്‍മാണം എന്നീ ജോലികളാണ് വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചത്. കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയത്തിന് വേണ്ടി തൊഴില്‍ രഹിതര്‍ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ ക്യാമ്പിന്റെ ഭാഗമായി പങ്കാളികളായി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, പ്രഫ. എന്‍.ആര്. പ്രേമകുമാര്‍, മാടായിക്കോണം സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന് തുടങ്ങിയവര്‍ അതിഥികളായി എത്തി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി, എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം എന്നിവയും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രോഗ്രാം ഓഫീസര്‍മാരായ ഫെബിന് രാജു, കാതറിന് ജെ. നേരേവീട്ടില്‍, എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ സന്ദീപ് രാജേഷ്, വി.എസ്. റിതിക എന്നിവര്‍ നേതൃത്വം നല്കി.