ക്രൈസ്റ്റ് കോളജിലെ ജലഗുണനിലവാര പരിശോധനാലാബിന് അംഗീകാരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. ജലത്തിന്റെ വിവിധ ഗുണനിലവാര ഘടകങ്ങള്‍ ഇവിടെ പരിശോധിക്കാന്‍ സാധിക്കും. അക്വാ റിസര്‍ച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചറിയാം. എല്ലാ സര്‍ക്കാര്‍ ലൈസന്സിംഗിനുമായി പൊതുജനങ്ങള്‍ക്കും വ്യവസായികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ലാബിലെ ഗവേഷകര്‍ നല്‍കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ സേവനങ്ങള്‍ നല്കുന്ന ലാബ് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുള്ള ജില്ലയിലെ ഏക സ്ഥാപനമാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പരിശോധിക്കേണ്ട ജല സാമ്പിളുകള്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും ഇടയില്‍ ലാബില്‍ നേരിട്ടോ, കോളജിന്റെ ഭൂഗര്‍ഭ ശാസ്ത്ര പരിസ്ഥിതി ശാസ്ത്രവിഭാഗത്തിലോ ഏല്‍പ്പിക്കാവുന്നതാണ്.