കാക്കത്തുരുത്തി മേഖലയിലെ വെള്ളക്കെട്ട്; ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും
എടതിരിഞ്ഞി: കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വെള്ളം കയറിയ സംഭവത്തില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. കെഎല്‍ഡിസി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പടിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡ് മെമ്പര്‍ കെ.എം. പ്രേമവത്സനാണ് പരാതി നല്‍കിയത്. കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ കൂത്തുമാക്കല്‍, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഈ പ്രദേശങ്ങളിലെ മുപ്പതോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണെന്നും പരാതിയില്‍ പറയുന്നു. ഡാമുകളില്‍ വെള്ളം കുറഞ്ഞതിനെത്തുടര്‍ന്ന് പാടശേഖരങ്ങളില്‍ കൃഷിയൊരുക്കുന്നതിനായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് വെള്ളം സംഭരിക്കുന്നതിനായി കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചത്.
ഇതിനോട് ചേര്‍ന്നുള്ള പള്ളിത്തോട്, കാക്കാത്തുരുത്തി ഫാം തോട് എന്നിവയില്‍ ചീപ്പുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ അതുവഴി താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.