കാക്കാത്തുരുത്തിയിലെ വെള്ളക്കെട്ട്: കൂത്തുമാക്കലില്‍ ഒരു ഷട്ടര്‍ തുറന്നു, കനാലിനോടു ചേര്‍ന്നുള്ള തോടുകള്‍ അടക്കുന്ന നടപടി ആരംഭിച്ചു
പടിയൂര്‍: പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ കൂത്തുമാക്കല്‍, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൂത്തുമാക്കലിലെ ഒരു ഷട്ടര്‍ തുറക്കുകയും കനാലിനോടു ചേര്‍ന്നുള്ള തോടുകള്‍ അടക്കുന്ന നടപടികളുമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കനാലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലാകളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം വെള്ളം കയറിയ സ്ഥലങ്ങളില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
കെഎല്‍ഡിസി കനാലിനോടു ചേര്‍ന്നുള്ള രണ്ട് തോടുകള്‍ അടയ്ക്കാന്‍ ചീപ്പ് നിര്‍മിക്കുന്ന പണി ഉടന്‍ തുടങ്ങണം. ചീപ്പുകളുടെ സുരക്ഷ കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഉറപ്പുവരുത്തണം. ചീപ്പ് സ്ഥാപിച്ചശേഷം പ്രദേശത്തെ വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പും പടിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തണം. എസ്ഡിആര്‍എഫില്‍നിന്ന് ഇതിനുള്ള ഫണ്ട് അനുവദിക്കും.
കെഎല്‍ഡിസി കനാലില്‍നിന്ന് കോതറ കുളവുമായി ബന്ധപ്പെട്ട രണ്ട് പൈപ്പുകളുടെ ചോര്‍ച്ച നന്നാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കുത്തുമാക്കല്‍ റെഗുലേറ്റര്‍ ഷട്ടറിന്റെ സുരക്ഷയ്ക്ക് ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശം നല്കി.
വെള്ളക്കെട്ട്: പ്രതിഷേധവുമായി ബിജെപി
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കാക്കാത്തുരുത്തി, മേനാലി പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. പഞ്ചായത്തിലെ ഒന്ന്, 14 വാര്‍ഡ് പ്രദേശങ്ങളിലെ 40ഓളം വീടുകളാണ് വെള്ളക്കെട്ടിനാല്‍ ദുരിതമനുഭവിക്കുന്നത്.
വെള്ളക്കെട്ട് തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയണ്ടെന്ന് ബിജെപി ആരോപിച്ചു.ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് വാണികുമാര്‍ കോപ്പുള്ളി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുനില്‍ പടിഞ്ഞാറക്കര അധ്യക്ഷനായിരുന്നു.