കാക്കാത്തുരുത്തിയിലെ വെള്ളക്കെട്ട്: കനാലില്‍നിന്നുള്ള 2 തോടുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അടച്ചു
പടിയൂര്‍: പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ച അടിയന്തര നടപടികള്‍ പൂര്‍ത്തിയായി. കെഎല്‍ഡിസി കനാലില്‍നിന്നുള്ള രണ്ട് തോടുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അടച്ചു. ചണ്ടിയും കുളവാഴകളും നിറഞ്ഞ് നീരൊഴുക്ക് നഷ്ടപ്പെട്ട ഫാംതോട്, പള്ളിത്തോട് എന്നിവിടങ്ങളിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. ഇതോടെ ഷണ്മുഖം കനാലിലേക്കുള്ള നീരൊഴുക്ക് സുഗമമായി. മഴതുടരുന്നതിനാല്‍ കനാലില്‍ വെള്ളം കൂടുന്ന സാഹചര്യത്തില്‍ കൂത്തുമാക്കല്‍ ഷട്ടറുകളില്‍ ഒന്ന് പൂര്‍ണമായും തുറന്നിട്ടുണ്ട്. ഫാം തോട്ടിലും പള്ളിത്തോട്ടിലും നീരൊഴുക്ക് നഷ്ടപ്പെട്ട് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറിയതോടെയാണ് പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തി, മേനാലി പ്രദേശങ്ങളില്‍ വെള്ളം കയറിയത്.
ഇതിനെത്തുടര്‍ന്ന് നാല്പതോളം വീടുകള്‍ വെള്ളക്കെട്ടിലായിരുന്നു. ഡാമുകളില്‍ വെള്ളം കുറവായതിനാല്‍ പാടശേഖരങ്ങളില്‍ കൃഷിക്കായി ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരമാണ് വെള്ളം സംഭരിക്കാന്‍ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചത്. ഇതോടെ തോടുകളിലേക്ക് സ്ഥാപിച്ചിരുന്ന ചീപ്പുകള്‍ തകര്‍ന്ന് കനാലില്‍നിന്ന് വെള്ളം തള്ളിയതോടെ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിച്ചിരുന്നു.