ബസുണ്ട്, പെര്‍മിറ്റും; ഓടിക്കാനാളില്ല, മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്താനാകാതെ കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട: ഡ്രൈവര്‍മാരില്ലാത്തതിനാല്‍ തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്താനാകാതെ കെ.എസ്.ആര്.ടി.സി. ബസും പെര്‍മിറ്റും ഉണ്ടായിട്ടും ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍വീസാണ് നടത്താനാകാത്തത്.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍നിന്നും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്നിന്നുമൊക്കെയായി ദിനംപ്രതി ഒരുപാട് രോഗികളാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യപ്പെടുന്നത്. നിലവില്‍ ഈ മേഖലയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊടുങ്ങല്ലൂരിലെ ഒരു ബസ് മാത്രമാണ് ഓടുന്നത്. ഇതില്‍ കൊടുങ്ങല്ലൂര്‍ മുതല്‍ത്തന്നെ യാത്രക്കാരുടെ വലിയ തിരക്കാണ്. ഇരിങ്ങാലക്കുട എത്തുമ്പോഴേക്കും നില്ക്കാന്പോലും കഴിയില്ല.
സ്വകാര്യബസുകളെ ആശ്രയിക്കുകയാണ് ഭൂരിഭാഗം രോഗികളും. നേരിട്ട് ബസില്ലാത്തതിനാല്‍ രണ്ട് ബസ് കയറിയിറങ്ങേണ്ട അവസ്ഥയുമാണ്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട ഭാഗത്തുനിന്നുള്ള സ്വകാര്യബസുകളില്‍ തൃശ്ശൂരില്‍ ചെന്ന് ബിനി ജങ്ഷനില്‍ ഇറങ്ങി ഓട്ടോ വിളിച്ചോ നടന്നോ വടക്കേ സ്റ്റാന്‍ഡില്‍ ചെന്നുവേണം മെഡിക്കല്‍ കോളേജിലേക്ക് ബസ് പിടിക്കാന്‍. രോഗികള്‍ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
അനുമതി കിട്ടിയിട്ട് കുറച്ചുനാളുകളായെങ്കിലും ഡ്രൈവര്‍മാരില്ലാത്തതാണ് തടസ്സമെന്ന് ഇരിങ്ങാലക്കുടയിലെ ജീവനക്കാര്‍ പറഞ്ഞു. ഡ്രൈവര്‍മാരുടെ കുറവുമൂലം ഇവിടെനിന്നുള്ള പല പ്രധാനപ്പെട്ട സര്‍വീസുകളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ്. നിലവില്‍ അഞ്ച് ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഡ്രൈവറെ കിട്ടിയാല്‍ മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് കൊടുങ്ങല്ലൂരില്‍ നിന്നോ പെരിഞ്ഞനത്തുനിന്നോ സര്‍വീസ് തുടങ്ങാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി