കരുവന്നൂര്‍: അന്വേഷണം ഉന്നതരിലേക്കു തന്നെ, കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത
മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നേതാവും ഇഡിയുടെ വലയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.ആര്. അരവിന്ദാക്ഷന്, ബാങ്കിലെ മുന്‍ അകൗണ്ടന്റ് ജില്‍സ് എന്നിവര്‍ അറസ്റ്റിലായതോടെ കൂടുതല്‍ നേതാക്കള്‍ക്ക് കുരുക്ക് മുറുകുകയാണ്. ഇഡി രജിസ്റ്റര്‍ ചെയ്ത കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ഒന്നാം പ്രതിയായ വെളപ്പായ സതീശന്റെ ഇടപാടുകളെക്കുറിച്ചുളള അന്വേഷണത്തോടെയാണ് കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി കണ്ടെത്തിയ 2011 മുതല്‍ 2020 വരെയുള്ള ഭരണസമിതിയുമായും നേരത്തെ അറസ്റ്റിലായ പി. സതീഷ്കുമാര്‍, പി.പി. കിരണ്‍ എന്നിവരുമായി ബന്ധമുള്ള കൂടുതല്‍ നേതാക്കള്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന.
പി. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനും ബിനാമി ഇടപാടുകള്‍ക്കും ഒത്താശ നല്‍കിയെന്ന് സംശയിക്കുന്ന സിപിഎം നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ പാര്‍ട്ടി ചുമതല വഹിച്ചിരുന്ന മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നേതാവും ഇഡിയുടെ വലയത്തിലാണ്. മുഖ്യപ്രതി പി. സതീഷ് കുമാര്‍, ഇയാളുടെ സഹായികളില്‍ പ്രധാനി കെ.എ. ജിജോര്‍ തുടങ്ങിയവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്. ജിജോര്‍ ഇഡിക്ക് എഴുതിക്കൊടുത്ത 40 പേജുള്ള വിവരങ്ങളും മൊയ്തീന് വിനയാകും. വായ്പാ തട്ടിപ്പടക്കം മൊയ്തീന്റെ അറിവോടെ നടന്നെന്നാണ് ജിജോറിന്റെ മൊഴി. സിബിഐ അന്വേഷണത്തിനും സാധ്യതയുണ്ട്. കരുവന്നൂരിലെ തട്ടിപ്പ് പാര്‍ട്ടിയെ അറിയിച്ച പ്രവര്ത്തകന് രാജീവിനെ 1998ല്‍ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പൊലീസ് എഴുതിത്തള്ളിയിരുന്നു.
അയ്യന്തോള്‍ ബാങ്ക് ജീവനക്കാരനായിരുന്ന വാടാനപ്പിള്ളി സ്വദേശി ശിവലാലിനെ 12 വര്‍ഷം മുമ്പ് കാണാതായ കേസിനും തുമ്പില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ മുന്‍ മാനേജര്‍ എം.വി. സുേഷ് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണങ്ങളുടെ ഭാഗമായുള്ള നീക്കങ്ങള്‍ അതീവ രഹസ്യമായാണ് ഇഡി നടത്തുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം നടത്തുന്ന അന്വേഷണ വിവരങ്ങള്‍ രഹസ്യമായി പോലീസ് ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. തട്ടിപ്പിലെ കള്ളപ്പണ ഇടപാട് നടത്തിയവര്‍ക്കും പാര്‍ട്ടിയിലെ ഉന്നതര്‍ക്കും പോലീസ് ഇക്കാര്യങ്ങള്‍ രഹസ്യമായി കൈമാറുന്നതായാണ് ഇഡിയുടെ ആരോപണം.