ബാങ്കില്‍ താത്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശം, തുടര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയായി, സാമ്പത്തികമായി വളര്‍ന്നു
ഇരിങ്ങാലക്കുട: എന്ഫോര്സ്മെൻഡ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ചെയ്ത കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ സീനിയര്‍ അകൗണ്ടന്റ് പൊറത്തിശേരി തുറുപറമ്പില്‍ ചെല്ലിക്കര വീട്ടില്‍ ജില്‍സ് (43) സി.കെ. ജില്‍സ് താത്കാലികാടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് സീനിയര്‍ ക്ലര്‍ക്കും സീനിയര്‍ അകൗണ്ടന്റും ആയി മാറുകയാണ് ഉണ്ടായത്. ഇതിനിടയില്‍ ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമതലയും വഹിച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയുമായി പ്രവത്തിച്ചിരുന്ന ജില്‍സ് ജോലി ലഭിക്കുന്നതിനു വേണ്ടി പാര്‍ട്ടി മാറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ പൊറത്തിശേരി മേഖല ട്രഷററായതോടെ ബാങ്കിലെ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുകയായിരുന്നു. ബാങ്കിലെ സീനിയര്‍ അകൗണ്ടന്റായതോടെയാണ് തട്ടിപ്പുകളില്‍ കൂട്ടാളിയാകുന്നത്. തട്ടിപ്പ് കേസില്‍ പ്രതിയായ ബിജു കരിമിന്റെ പിതാവിന്റെ പേരില്‍ ജില്‍സും ബിജോയിയും കൂട്ടുചേര്‍ന്ന് സിസിഎം ട്രേഡേഴ്സ് എന്ന സ്ഥാപനം മാപ്രാണത്ത് ആരംഭിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഈ സ്ഥാപനത്തില്‍ നിന്നാണ് എടുത്തിരുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും കൂടിയ വിലക്കാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് മാനേജര്‍ ബിജു കരീം, ജീല്‍സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്ക് കടന്നു. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റുംകര എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങികൂട്ടുകയായിരുന്നു. ഇതിനായി വ്യാജ രേഖകള്‍ ചമച്ച് ബാങ്കില്‍ നിന്നു ലോണുകള്‍ എടുക്കുകയായിരുന്നു. നോട്ടു നിരോധന കാലത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി എടുത്ത ലോണുകള്‍ തിരിച്ചടക്കുവാന്‍ സാധിക്കാതായത് ഇവരെ ഏറെ പ്രതിസന്ധിയിലാക്കി.
2019 ജനുവരി 21 ന് ബാങ്കിലെ മാനേജര്‍ ബിജു കരീം, ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എന്നിവരുടെ ഭാര്യമാരായ ജിത ഭാസ്കരന്, ശ്രീലത ജില്‍സ് എന്നിവരുടെ ഉടമസ്ഥതയില്‍ നടവരമ്പില്‍ ഷീഷോപ്പീ എന്ന പേരില്‍ വനിതാ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു. അതിന്റെ ഉദ്ഘാടകനായെത്തിയത് അന്നത്തെ സഹകരണ കുപ്പു മന്ത്രി എ.സി. മൊയതീനായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ ഉപയോഗിച്ചതു തട്ടിച്ചെടുത്ത പണമാണെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശന്, പി.പി. കിരണ്‍ എന്നിവര്‍ക്ക് കൂട്ടുനിന്ന് കൈക്കൂലിയിനത്തില് പണമുണ്ടാക്കിയതില്‍ ജില്സിന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ ജില്‍സ് 5.73 കോടി തട്ടിയെന്നാണ്. എന്നാല്‍ ജില്‍സിന്റെ പേരില്‍ 19.91 ലക്ഷത്തിനു മാത്രമാണ് റവന്യു റിക്കവറി ഉണ്ടായിരുന്നത്. സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നായിരുന്നു ജില്‍സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ജില്‍സിന്റെ ഈ വെളിപ്പെടുത്തല്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വരുമെന്നുള്ളതിന്റെ സൂചനയാണ്.