കാർഷിക വികസന ബാങ്ക്, കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി തോറ്റു
ഇരിങ്ങാലക്കുട: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നടന്ന പട്ടികജാതി വിഭാഗത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടു. ആകെ പോൾ ചെയ്ത 632 വോട്ടിൽ രണ്ട് വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ എം.കെ. കോരനും പി.കെ. ഭാസിയും തമ്മിലായിരുന്നു മത്സരം. നിലവിലുള്ള ഭരണസമിതി അംഗമാണ് എം.കെ. കോരൻ. പാർട്ടിയുടെ ഡിസിസി അംഗീകരിച്ച ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു പി.കെ. ഭാസി. എം.കെ. കോരന് 531 വോട്ടും പി.കെ. ഭാസിക്ക് 99 വോട്ടുമാണ് ലഭിച്ചത്. പതിമൂന്നംഗ ഭരണസമിതിയിൽ 12 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എല്ലാവരും കോണ്‍ഗ്രസുകാരാണ്. പട്ടികജാതി വിഭാഗം സ്ഥാനത്തേക്കു മാത്രമാണ് വോട്ടിംഗ് നടന്നത്. തിലകൻ പൊയ്യാറ, എ.സി. സുരേഷ്. കെ.എൽ. ജെയ്സണ്‍, ഐ.കെ. ശിവജ്ഞാനം, കെ, ഗോപാലകൃഷ്ണൻ, ടി.എൽ. പ്രിൻസൻ, ഇ.വി. മാതു, കെ.കെ. ശോഭനൻ, കെ.എസ്. ഹരിദാസ്, ഇന്ദിര ഭാസി, വി.ജി. ജയലളിത, രജനി സുധാകരൻ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ.