കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. ഇന്നലെ ഉച്ചയ്ക്ക് 12ന് ചാലക്കുടി പോട്ടയില്‍ പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നു. 20 കിലോമീറ്ററോളം നടന്ന് വൈകീട്ട് അഞ്ചരയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്തെത്തി. തുടര്‍ന്ന് നാദസ്വരമേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേക്കും അവിടെനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിചേര്‍ന്നു. നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. എട്ടര തണ്ട് നേന്ത്രക്കുല, രണ്ടു തണ്ട് കദളിക്കുല, ഫലവ്യജ്ഞനങ്ങള്‍, ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം തുടങ്ങിയവയാണു തണ്ടികയായി ക്ഷേത്രത്തിലെത്തിയത്. തുലാം മാസത്തിലെ തിരുവോണ നാളിലാണ് തൃപ്പുത്തരി.
ഇന്നു രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടക്കും. ഉച്ചയ്ക്ക് 11.30 നും 1.30 നും ഇടയില്‍ തൃപ്പുത്തരി പൂജ നടക്കും. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ് അരിയളക്കും. ഭക്തന്മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും. സാധാരണ പൂജയുടെ നിവേദ്യത്തില്‍നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ നടക്കും. നാളെ രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും.