കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കേരളപ്പിറവി ദിനത്തില്‍ കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് ഒറ്റയാന് പോരാട്ടവുമായി ജോഷി
ഇരിങ്ങാലക്കുട : കരുവന്നൂര്‍ സഹകരണസംഘത്തിലെ തട്ടിപ്പുകള്‍ പുറത്തായതിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ നിരവധി മനുഷ്യരുടെ പ്രതീകമായി നിക്ഷപകനായ ജോഷി കേരളപിറവി ദിനത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നു. പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു നീതിക്കായി പോരാടുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി (53). രാവിലെ ഏഴിന് കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നിന്നും ജോഷി നടത്തം ആരംഭിക്കും.
കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. വില്പനയ്ക്കു വച്ച വീട്ടിലാണ് ഇപ്പോള്‍ ജോഷിയുടെ താമസം. തുക തിരികെക്കിട്ടാനും ബാങ്കിലെ ഇന്നുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയില്‍ പ്രതിഷേധിച്ചുമാണ് സമരം. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 82.58 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷം കിടപ്പിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.
നിക്ഷേപങ്ങള്‍ കിട്ടാത്തത് കൊണ്ട് കരാര്‍ പണികള്‍ എറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വട്ടിപലിശയ്ക്ക് പണം എടുത്തതിന്റെ ബാധ്യതകളെ തുടര്‍ന്ന് പതിമൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച വീട് വില്‍ക്കേണ്ട അവസ്ഥയില്‍ കൂടിയാണ്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും മോശമായ സമീപനമാണെന്ന് ജോഷി പറയുന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിറുത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനല്ല ഇടതുപക്ഷക്കാരന് തന്നെയാണെന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുള്ള യാത്ര തന്നെയാണെന്നും ജോഷി ഉറപ്പിച്ച് പറയുന്നു.
ബാങ്കില്‍ പ്രതിസന്ധി ഉടലെടുത്ത വിവരം 2020 ല്‍ താന്‍ ബാങ്കില്‍ ആറ് ലക്ഷം രൂപ നിക്ഷേപിച്ച ഘട്ടത്തില്‍ ബാങ്ക് അധികൃതര്‍ തന്നോട് ഇക്കാര്യം മറച്ചുവച്ചതായും വേദനയോടെ ജോഷി പറയുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിരാമമില്ലാതെ തുടരുമെന്ന് ജോഷി വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തിനിടെ ജോഷിയുടെയും കുടുംബത്തിന്റെയും ലിശയിനത്തില് മാത്രം ബാങ്ക് കവര്‍ന്നത് 11 ലക്ഷത്തോളം രൂപയാണ്. ഇതുപോലെ നിരവധി പേരോടാണ് ഇപ്പോഴും തട്ടിപ്പും തരികിടയുമായി ജീവനക്കാരും അവരെ നയിക്കുന്ന നേതാക്കളും ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ ജോഷിക്കെതിരെ വാദിച്ചത് ബാങ്കിന്റെ വക്കീലിനൊപ്പം സഹകരണകുപ്പിന്റേയും സര്‍ക്കാരിന്റെ വക്കീലും കൂടിയാണ്.
ഒരാള്‍ സഹകരണബാങ്കില്‍ വിശ്വസിച്ചു നിക്ഷേപിച്ച തുക തിരിച്ചു ചോദിച്ചാല്‍, ഖജനാവില്‍ നിന്നും പണമെടുത്ത് അയാള്‍ക്കെതിരെ വാദിക്കുന്ന സര്‍ക്കാരിന്റെ കപടമാന്യതയും തെമ്മാടിത്തരവും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണന്നാണ് ജോഷി പറയുന്നത്. ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തറിഞ്ഞ ശേഷം രണ്ടു വര്‍ഷത്തോളം ലോക്കല്‍ പോലീസും, വിജിലന്‍സും, ക്രൈം ബ്രാഞ്ചുമെല്ലാം അന്വേഷിച്ചെങ്കിലും സകല റിപ്പോര്‍ട്ടുകളും പൂഴ്ത്തി, യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ കാണിച്ച വക്രതയാണ് കരുവന്നൂരിലേക്ക് ഇ.ഡി.യെ ക്ഷണിച്ചു വരുത്തിയത്.
വാര്‍ത്തകളില്‍ നിറഞ്ഞ പല നേതാക്കളുടെ പേരുകളൊക്കെത്തന്നെയും ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. സെറ്റില്‍മെന്റ് രാഷ്ട്രീയക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ നഷ്ടം സഹകരണപ്രസ്ഥാനത്തില്‍ നിക്ഷേപിച്ചവര്‍ക്കു മാത്രം. യഥാര്‍ത്ഥ പ്രതികള പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും രക്ഷപ്പെടുകയും, കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചു കൊടുക്കുന്നത് ഇനിയും വൈകുകയും ചെയ്താല്‍, സംസ്ഥാനത്തെ സഹകരണവകുപ്പിന്റെ തന്നെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളിയിട്ട സര്‍ക്കാര്‍ എന്ന ക്രഡിറ്റു കൂടി ഈ മന്ത്രിസഭയ്ക്ക് സ്വന്തമാവുമെന്നും ജോഷി പറയുന്നു. തന്റേയും കുടുംബത്തിന്റേയും നീക്കിയിരിപ്പ് മുഴുവനും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയും പലതവണ ചോദിച്ചിട്ടും തിരിച്ചു കിട്ടാതാവുകയുമുണ്ടായപ്പോള് അടുത്ത സുഹൃത്തായിരുന്ന പാര്‍ട്ടി നേതാവിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം കേസ് നടത്തിയിട്ടും നീതി ലഭിച്ചിട്ടില്ലെന്നു ജോഷി പറയുന്നു.