കുഴിക്കാട്ടുകോണം ഇടവക ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കുഴിക്കാട്ടുകോണം: കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയത്തില്‍ പരിശുദ്ധ വിമലമാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോയ് പെരേപ്പാടന് നിര്‍വഹിച്ചു. ദിവസവും വൈകീട്ട് 5.45ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. അമ്പുതിരുനാള്‍ ദിനമായ 11ന് രാവിലെ ഏഴിന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവ നടക്കും. തിരുകര്‍മങ്ങള്‍ക്ക് രൂപത വികാരിജനറാള്‍ മോണ്‍ വില്സന് ഈരത്തറ കാര്‍മികത്വംവഹിക്കും. അന്നേദിവസം രാവിലെ ഒമ്പതിനും ഉച്ചതിരിഞ്ഞ് രണ്ടിനും വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ 12ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജീബിന്‍ മാണിക്കത്താന് സിഎസ്ടി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ കരുത്തി തിരുനാള്‍ സന്ദേശംനല്കും. ഫാ. വിബിന് പാവന്കോട്ട് സിഎസ്ടി സഹകാര്‍മികനായിരിക്കും. വൈകീട്ട് നാലിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോസഫ് തൊഴുത്തുങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് വര്‍ണമഴ. കുഴിക്കാട്ടുകോണം ഇടവക വികാരി ഫാ. സിനു അരിമ്പൂപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ അഞ്ചുമോന്‍ വെള്ളാനിക്കാരന്‍, ജോ.കണ്‍വീനര്‍ ജസ്റ്റിന് കുറ്റിക്കാടന്‍, ട്രസ്റ്റിമാരായ വര്‍ഗീസ് പുല്ലോക്കാരന്‍, വര്‍ഗീസ് മാളിയേക്കല്‍ എന്നിവര്‍ തിരുനാളിന് നേതൃത്വംനല്കും.