ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാതൃശിശു ആരോഗ്യവിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ടനിര്മാണത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാതൃശിശു ആരോഗ്യ വിഭാഗത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി 4.75 കോടി രൂപ ചെലവില്‍ വാപ്കോസ് ആണ് 16000 ചതുരശ്ര അടിയില്‍ രണ്ടാം ഘട്ട നിര്‍മാണങ്ങള്‍ നടത്തുന്നത്. കുട്ടികള്‍ക്കുള്ള തീവ്രപരിചരണ വിഭാഗവും പുതിയ വാര്‍ഡുകളും പേവാര്ഡുകളുമാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുക. 2025 ജൂലൈയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നേറ്റം ഉണ്ടായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും എംഎല്‍എ ഫണ്ടില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് അനുവദിച്ച് കഴിഞ്ഞതായും ഡോ. ആര്. ബിന്ദു അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥി ആയിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്. ജെ. ചിറ്റിലപ്പള്ളി, ടി.വി. ലത, സീമ പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് നന്ദിയും പറഞ്ഞു.