മോട്ടോറുകളുടെ കേബിള്‍ മോഷണം വ്യാപകം: വെള്ളം പമ്പുചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍
മുരിയാട്: പാടശേഖരങ്ങളിലെ മോട്ടോര്‍ ഷെഡ്ഡുകളില്‍ മോഷണം പെരുകുന്നു. നേരത്തെ നഷ്ടപ്പെട്ട ഇരുമ്പു ഷീറ്റുകള്‍ക്ക് പുറമേ മോട്ടോര്‍ ഷെഡ്ഡുകളിലെ കണക്ഷന് കേബിളുകളും മോഷണം പോയി. മുരിയാട് കോള്‍മേഖലയിലെ വിവിധ പടവുകളിലെ സബ് മേഴ്സബിള്‍ മോട്ടോറുകളുടെ വില കൂടിയ വൈദ്യുതി കണക്ഷന് കേബിളുകളാണ് മുറിച്ചുമാറ്റി കൊണ്ടുപോയിരിക്കുന്നത്. മോട്ടര്‍ ഷെഡില്‍ ഇട്ടിരുന്ന 300 കിലോയോളം തൂക്കം വരുന്ന ഇരുമ്പ് ഷീറ്റുകളും നേരത്തെ മോഷണം പോയതായും കര്‍ഷകര്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതികള്‍ പുതുക്കാട്, ആളൂര്‍, കൊടകര പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കി. മുരിയാട് ഗ്രാമശ്രീയുടെ 50 എച്ച്പി, കൂവപ്പുഴ പാടശേഖരത്തിലെ 30 എച്ച്പി, പൊതുമ്പുചിറ പാടശേഖരത്തിലെ 30 എച്ച്പി, കരിംപാടത്തെ 50 എച്ച്പി എന്നീ മോട്ടോറുകളിലെ കേബിളുകളാണ് മുറിച്ചുകൊണ്ടുപോയിരിക്കുന്നത്. ഇതുമൂലം പാടശേഖരങ്ങളില്‍നിന്ന് കനാലിലേക്ക് വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
പമ്പില്‍നിന്ന് പാനല്‍ ബോര്‍ഡിലേക്കുള്ള ഒരു മീറ്ററിനുതന്നെ ആയിരങ്ങള്‍ വിലവരുന്ന കേബിളുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കരിംപാടത്ത് മോട്ടോര്‍ സ്ഥാപിച്ച് കര്‍ഷകര്‍ കണക്ഷന് ലഭിക്കാനുള്ള തയാറെടുപ്പു പൂര്‍ത്തിയാക്കിയ സമയത്താണു കേബിളുകള്‍ മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്. വില കുറഞ്ഞ കേബിള്‍വയര്‍ നിലനിര്‍ത്തി വിലകൂടിയ രണ്ടു കേബിളുകളാണ് മുറിച്ചുകൊണ്ടുപോയിരിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് ഇവ കൊണ്ടുപോയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 20 മീറ്റര്‍ വീതമുള്ള രണ്ടു കേബിളുകളാണ് കരിംപാടത്തുനിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. ഇതുപോലെ മറ്റു പാടശേഖരങ്ങളില്‍നിന്ന് വ്യാപകമായി കേബിളുകള്‍ കൊണ്ടുപോയിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും മോട്ടോര്‍ഷെഡ്ഡില്‍ ഇട്ടിരുന്ന 300 കിലോയോളം തൂക്കംവരുന്ന ഷീറ്റുകള്‍ നേരത്തെ മോഷണം പോയിരുന്നതായും കര്‍ഷകര്‍ പറഞ്ഞു. അടിയന്തര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.