ഒരുമയുടെ സന്ദേശമാണ് ദേവാലയ പൂര്‍ത്തീകരണത്തില്‍ കാണുവാന്‍ സാധിക്കുന്നത്: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പുനര്‍നിര്‍മിച്ച ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാ-കൂദാശ കര്‍മം നടത്തി.
എടക്കുളം: സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പുനര്‍നിര്‍മിച്ച ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാ- കൂദാശ കര്‍മം നടത്തി. ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ പുനഃപ്രതിഷ്ഠാകര്മങ്ങള്ക്കും ദിവ്യബലിക്കും മുഖ്യകാര്‍മികത്വം വഹിച്ചു. ഒരുമയുടെ സന്ദേശമാണ് ഈ ദേവാലയത്തിന്റെ നവീകരണത്തിലൂടെ കാണുവാന്‍ സാധിക്കുന്നതെന്ന് ബിഷപ് കൂട്ടിചേര്‍ത്തു.
141 വീട്ടുക്കാരുള്ള എടക്കുളം ഇടവക 270 ദിവസങ്ങള്‍കൊണ്ടാണ് ഈ ദേവാലയത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇത് ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശമാണ് നല്‍കുന്നത്.
രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സെന്റ് പോള്‍ മൈനര്‍ സെമനിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, മുന്‍ വികാരിമാരായ ഫാ. ബിനോയ് പൊഴോലിപറമ്പില്‍, ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂര്‍ ഇടവക വികാരി ഫാ. ഷെറന്‍സ് ഇളംതുരുത്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇടവക നിര്‍മിച്ചുനല്‍കുന്ന ഭവനങ്ങളുടെ ശിലാവെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ദിവ്യബലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അനുഗ്രഹപ്രഭാഷണവും വികാരി ഫാ. ജോര്‍ജ് പാലമറ്റം ആമുഖപ്രഭാഷണവും കല്പറമ്പ് ഫൊറോന വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍ ആശംസാ പ്രസംഗവും നടത്തി. ജനറല്‍ കണ്‍വീനര്‍ യു.കെ. മൈസണ്‍, കണ്സ്ട്രഷന് കണ്‍വീനര്‍ ഡേവിസ് ഊക്കന്‍, കൈക്കാരന്മാരായ ബാബു ജി. ഊക്കന്‍, യു.എം. ജോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്പ് വിതരണം, ഉപഹാര വിതരണം, സില്‍ച്ചാര്‍ മിഷന് ഫണ്ട് കൈമാറല്‍ എന്നിവ നടന്നു.