രാത്രിവെളിച്ചംകാത്ത് പുത്തന്‍തോട് പാലം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിനുമുകളില്‍ എല്‍ഇഡി ലൈറ്റിടാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നഗരസഭയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍. കോന്തിപുലം പാലത്തിനുമുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച കൊടുങ്ങല്ലൂര്‍ ആസ്ഥാനമായ കമ്പനിയാണ് പുത്തന്‍തോട് പാലത്തിനുമുകളിലും ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയത്. 2022 ഒക്ടോബര്‍ 20നാണ് നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തെ സമീപിച്ച് അപേക്ഷ നല്‍കിയതെന്ന് കമ്പനി വ്യക്തമാക്കി.
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലുള്ള പാലമായതിനാല്‍ എന്‍ഒസിക്ക് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുതുക്കിപ്പണിയുന്നതിനായി റോഡ് കെഎസ്ടിപിക്ക് കൈമാറിയെന്നായിരുന്നു മറുപടി ലഭിച്ചത്. ശേഷം കെഎസ്ടിപിക്ക് അപേക്ഷ സമര്‍പ്പിച്ചാണ് അനുമതി വാങ്ങിയത്. ഇതിനിടയില്‍ പിന്നീട് പലതവണ നഗരസഭയില്‍ അന്വേഷിച്ചെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും കമ്പനിക്കാര് അറിയിച്ചു. നഗരസഭയ്ക്ക് ഒരു രൂപപോലും സാമ്പത്തിക ബാധ്യതയില്ലാതെയാണ് എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിക്കുന്നതും അവ പരിപാലിക്കുന്നതും അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വൈദ്യുതിച്ചാര്‍ജ് അടയ്ക്കുന്നതുമെല്ലാം കമ്പനിയാണ്. എന്നിട്ടും നഗരസഭയില്‍നിന്ന് അനുമതി കിട്ടിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പുത്തന്‍തോട് പാലത്തിനുമുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ കമ്പനി നഗരസഭയില്‍ അപേക്ഷ നല്‍കിയതോടെ ടെന്‍ര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു.