ഇരിങ്ങാലക്കുടയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍, ഉല്ലാസയാത്രകള്‍ പൂര്‍ണമായും നിര്‍ത്തി
വരുമാനത്തിലും ഇടിവ്
ഇരിങ്ങാലക്കുട: ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാതായതോടെ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രതിസന്ധിയില്‍. പാലക്കാട് അടക്കമുള്ള സര്‍വീസുകളും അവധിക്കാല ഉല്ലാസയാത്രകളും പൂര്‍ണമായും നിര്‍ത്തി. വരുമാനത്തിലും വലിയ ഇടിവ്. നേരത്തെ ഒമ്പത് ഓര്‍ഡിനറിയും അഞ്ച് ഫാസ്റ്റും ഓടിയിരുന്ന സ്ഥാനത്ത് ഇന്ന് ആറ് ഓര്‍ഡിനറി മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇരിങ്ങാലക്കുടയില്‍നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന അഞ്ച് ഫാസ്റ്റുകളില്‍ ഒരു സൂപ്പര്‍ഫാസ്റ്റ് അടക്കം രണ്ടുബസുകള്‍ ശബരിമല സീസണ് പ്രമാണിച്ച് പമ്പയിലേക്ക് കൊണ്ടുപോയി. രണ്ടെണ്ണം ടെസ്റ്റിന് കയറ്റി. ഒരെണ്ണം കൂടി ഈ മാസം ടെസ്റ്റിന് പോകും. ബസുകളും ജീവനക്കാരുമില്ലാത്തതിനാല്‍ അനുമതി കിട്ടിയ മെഡിക്കല്‍ കോളജ്, വെള്ളാനിക്കാട്, മതിലകം, നെടുമ്പാശ്ശേരി എന്നീ സര്‍വീസുകളൊന്നും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഇവയ്ക്കെല്ലാം കൂടി 13 ബസെങ്കിലും വേണം. സാമ്പത്തികമായി വലിയ വരുമാനമുണ്ടാക്കി നല്‍കിയിരുന്ന ഓപ്പറേറ്റിംഗ് സെന്റര്‍ അധികാരികളുടെ അനാസ്ഥമൂലം പിന്നാക്കം പോകുകയാണ്. മാസം 95 ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചിരുന്ന ഇരിങ്ങാലക്കുടയില്‍ നവംബറില്‍ 89 ലക്ഷം മാത്രമാണ് വരുമാനമായി കിട്ടിയത്. ഉല്ലാസയാത്രകളിലൂടെ അധികവരുമാനമുണ്ടാക്കിയിരുന്നതും നഷ്ടമായി. ഓരോ സീസണിലും അഞ്ചുലക്ഷത്തോളം രൂപ അധികമായി വരുമാനമുണ്ടാക്കാന്‍ ഈ ഉല്ലാസയാത്രകളിലൂടെ സാധിച്ചിരുന്നു. ആളുകള്‍ ഇപ്പോഴും അവധി ദിവസങ്ങളില്‍ ഉല്ലാസയാത്രയ്ക്കായി ബുക്ക് ചെയ്യാന്‍ വിളിക്കാറുണ്ടെങ്കിലും ബസുകളും ജീവനക്കാരുമില്ലാത്തതിനാല്‍ ഒന്നും പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ബസുകളുടേയും ജീവനക്കാരുടേയും കുറവ് പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ 21 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ മൂന്നുഷിഫ്റ്റ് അടക്കം 17 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 21 സര്‍വീസുകള്‍ക്ക് 40 ഡ്രൈവര്‍മാരെയാണ് വേണ്ടത്. 17 ഡ്രൈവര്‍മാരും ആറ് കണ്ടക്ടര്‍മാരും കൂടിയുണ്ടെങ്കില്‍ മാത്രമേ സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കാനാകു. ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കെഎസ്ആര്‍ടിസി പരിഗണിച്ചിട്ടില്ല. ജനറല്‍ ട്രാന്‍സ്ഫറില്‍ ഇരിങ്ങാലക്കുടയ്ക്ക് ഡ്രൈവര്‍മാരെ അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ലഭിച്ചിട്ടില്ല.