മുരിയാട് കോള്‍പാടങ്ങളില്‍ കൃഷിയിറക്കാന്വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട: ജില്ലയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന മുരിയാട് കായല്‍ മേഖലയില്‍ കൃഷിയിറക്കല്‍ ഇത്തവണ വൈകിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്. കോള്‍പാടങ്ങളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ 400 ഏക്കറില്‍ വിത്തിറക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു രണ്ടാംവളമിടല് പൂര്‍ത്തിയാക്കിയിരുന്നു. വിത നീണ്ടാല്‍ കൊയ്ത്ത് ഏപ്രിലിലെ വേനല്മഴക്കാലത്തേക്കു നീണ്ടേക്കും. നവംബറില്‍ കൃഷി തുടങ്ങി മാര്‍ച്ചില്‍ കൊയ്തു തീര്‍ത്താല്‍ കാലാവസ്ഥയുടെയോ ജലലഭ്യതയുടെയോ കാര്യമായ തിരിച്ചടികളുണ്ടാകില്ല. കൃഷിയിറക്കാന്‍ വൈകുന്നത് വേനല്‍മഴയില്‍ വലയുമെന്ന ആശങ്കയിലാണ് കര്‍ഷര്‍. നേരത്തെ കൃഷിയിറക്കിയാല്‍ ജനുവരി, ഫെബ്രുവരി മാസത്തോടെ കൊയ്ത്ത് തീര്‍ക്കാനാകുമെന്നു മാത്രമല്ല, സാമാന്യം നല്ല വിളവ് ലഭിക്കും. നേരം വൈകിയാല്‍ വിളവ് കുറയുകയും കേട് കൂടുകയും ചെയ്യും. പുഞ്ച കൃഷി ആരംഭിക്കുവാന്‍ നിലങ്ങള്‍ ഒരുക്കുന്നതിനായി വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മുരിയാട് കായല്‍ തെക്കേപ്പാടം, കക്കാട്, യൂണിയന് പടവ്, പട്ടികജാതി കോള്‍പ്പടവ്, കൈപ്പുള്ളിത്തറ, മൂരിക്കോള്‍, കൂവപ്പുഴ പുല്ലൂര്‍ മേഖലാ കര്‍ഷകസമിതി പാടശേഖരം തുടങ്ങി എട്ടോളം പടവുകളില്‍ വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. പെട്ടിയും പറയും മാറ്റി വെള്ളത്തില്‍ മുങ്ങികിടന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകളുടെ കേബിളുകള്‍ സാമൂഹ്യ വിരുദ്ധര്‍ മുറിച്ച് മാറ്റിയത് പമ്പിംഗ് ആരംഭിക്കാന്‍ വൈകി. അഞ്ചു പടവുകളില്‍ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം സ്ഥിരമാണ്. പാടശേഖരത്തിലെ വെള്ളം ഒഴുകി പോകാത്തതിനാല്‍ ട്രില്ലറോ ട്രാക്ടറോ ഇതുവരെയും സാധിച്ചിട്ടില്ല. വരള്‍ച്ച വരുമെന്നതിനാല്‍ പലയിടത്തും ഷട്ടര്‍ തുറക്കുവാന്‍ വൈകി. ഇതോടെ കനാലിലെ വെള്ളം ഒഴുകി പോകാനും വൈകി. 4000 ഏക്കര്‍ മുരിയാട് പാടശേഖരത്തെ പ്രതിനിധീകരിച്ച് ജില്ല കോള്‍ കര്‍ഷക സംഘത്തില്‍ ഒരാള്‍ പോലുമില്ല. മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ കമ്മറ്റിയില്‍ പകരം ആളെ നിയോഗിക്കപ്പട്ടിട്ടില്ല. കോള്‍ മേഖലയില്‍ കൃഷിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യഥാ സമയം അറിയുവാന്‍ ഇതുമൂലം കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കൃഷി ഇറക്കുന്നതില്‍ ഏകീകരണം ഉണ്ടാകാറില്ലെന്നുള്ളത് പ്രശ്നമാണ്. താഴ്ന്ന പ്രദേത്ത് ആദ്യം പമ്പിംഗ് ആരംഭിക്കുമെങ്കിലും ഉയര്‍ന്ന പ്രദേശത്ത് പമ്പിംഗ് ആംഭിച്ചിട്ടുണ്ടാകില്ല. പൊതുമ്പുചിറ, കക്കാട്ട് ചിറ തുടങ്ങിയചിറകളില് നിന്നുള്ള പാടശേഖരങ്ങളിലേക്കുള്ള ഉറവ തടയുവാന്‍ സംവിധാനമില്ല. ഇവിടെനിന്നുള്ള വെള്ളം ഉറവയായി വരുന്നതു മൂലം പടവുകളിലെ വെള്ളം അടിച്ചു വറ്റിക്കാന്‍ ഒരു മാസത്തിലേറെ സമയെടുക്കാറുണ്ട്. കോന്തിപുലം പാലത്തിനു സമീപമുള്ള താത്ക്കാലിക തടയണ മാറ്റി സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഈ താത്കാലിക തടയണ ജനുവരി മാസത്തില്‍ തകരുന്നതും പതിവാണ്. ഇതുമൂലം സാമ്പത്തിനഷ്ടം മാത്രമല്ല, തടയണ നിര്‍മിക്കുന്ന മണ്ണ് കനാലില്‍ നിക്ഷപിക്കുന്നതു മൂലം വെള്ളത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിക്കാറുമുണ്ട്. ഇവിടെ തടയണ നിര്‍മിച്ചില്ലെങ്കില്‍ മാഞ്ഞാംകുഴി ഷട്ടറില്‍ നിന്നും വരുന്ന വെള്ളം കരുവന്നൂര്‍ പുഴയിലേക്ക് ഒഴുകി പോകും. ഈ വെള്ളം തടഞ്ഞു നിര്‍ത്തി പാടശേഖരത്തിലെ കൃഷിക്ക് ഉപയോഗിക്കുക എന്നുള്ളതാണ് തടയണ കെട്ടുന്നതിന്റെ ഉദ്ദേശം.
*കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍
-കാടും പടലും വെട്ടിമാറ്റി ചെറുകുഴികള്‍ നികത്തി ബണ്ട് റോഡുകള്‍ സഞ്ചാര യോഗ്യമാക്കുക
-ജില്ല കോള കര്‍ഷക സംഘത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കണം
-കോന്തിപുലം പാലത്തിനു സമീപം സ്ഥിരം തടയണ സംവിധാനം ഏര്‍പ്പടുത്തണം.
-മോട്ടര്‍ തറകളുടെ പണികള്‍ പൂര്‍ത്തീകരിച്ച് മോട്ടോറുകള്‍ സ്ഥാപിക്കണം.
-നവംബര്‍ ആദ്യവാരത്തില്‍ കൃഷിയിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.