സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിന് നാളെ കൊടിയേറും 6, 7, 8 തീയതികളിൽ തിരുനാള്‍
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് നാളെ കൊടിയേറും. നാളെ രാവിലെ ആറിന് ദിവ്യബലിക്കുശേഷം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റ് നിര്‍വഹിക്കും. 6, 7, 8 തീയതികളിലാണ് തിരുനാള്‍. നാളെ രാത്രി 7.30ന് മെഗാ ഫ്യൂഷന്‍ ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകീട്ട് 6.30ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കും. തുടര്‍ന്ന് മതസൗഹാര്‍ദ കൂട്ടായ്മ. വെള്ളിയാഴ്ച വൈകീട്ട് ആറിന് പ്രവാസികൂട്ടായ്മ. ഏഴിന് പള്ളിയുടെ ദീപാലങ്കാരങ്ങളുടെയും പ്രവാസികൂട്ടായ്മ ഒരുക്കുന്ന പ്രവാസിപന്തലിന്റെയും ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് നിര്‍വഹിക്കും. രാത്രി 7.30ന് കത്തീഡ്രല്‍ അങ്കണത്തില്‍ 101 കലാകാരന്മാരുടെ പിണ്ടിമേളം ഉണ്ടായിരിക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ച വെഞ്ചരിപ്പ്. ശനിയാഴ്ച രാവിലെ 7.15ന്റെ ദിവ്യബലിക്കുശേഷവും തിങ്കളാഴ്ച രാവിലെ ആറിന് ദിവ്യബലിക്കു ശേഷവും അമ്പ് സമുദായങ്ങളിലേയ്ക്കും അവിടെനിന്ന് വീടുകളിലേയ്ക്കും അമ്പ് എഴുന്നള്ളിപ്പ്. ശനിയാഴ്ച രാത്രി എട്ടിനുശേഷവും തിങ്കളാഴ്ച രാവിലെ മുതലും വിവിധ അമ്പുസമുദായങ്ങളില്നിന്ന് പള്ളിയിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.30ന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും.
തിരുനാള്‍ ദിവസം രാവിലെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് രണ്ടിനും കത്തീഡ്രലിലും രാവിലെ 6.30നും ഒമ്പതിനും സ്പിരിച്വാലിറ്റി സെന്ററിലും ദിവ്യബലി ഉണ്ടായിരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദിവ്യബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോ.കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോമോന തട്ടില്‍മണ്ടി, ജോ.കണ്‍വീനര്‍ സാബു ജോര്‍ജ് ചെറിയാടന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.